കൊച്ചി: കോന്തുരുത്തി പള്ളിക്ക് സമീപം ഗ്ലോറിയ ചിറ്റ്സ് എന്ന ചിട്ടിക്കമ്പനി പണം തട്ടിയ കേസില്‍ എറണാകുളം സൗത്ത് പോലീസ് ഇന്നലെ ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു.
തട്ടിപ്പിന് ഇരയായ കോന്തുരുത്തി സ്വദേശിയാണ് പരാതി നല്‍കിയത്. ഇതോടെ പരാതിക്കാരുടെ എണ്ണം 61 ആയി.കേസുമായി ബന്ധപ്പെട്ട് തേവര കോന്തുരുത്തി കാട്ടിപ്പറമ്പില്‍ ബോണി(47), ടോണി (48) എന്നിവരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാം പ്രതിയും ഇവരുടെ മാതാവുമായ സിസിലി ഒളിവിലാണ്. പ്രായാധിക്യമുള്ള ഇവര്‍ അടുത്തയാഴ്ച ചോദ്യം ചെയ്യലിന് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഹാജരായില്ലെങ്കില്‍ അറസ്റ്റ് നടപടികളിലേക്ക് കടക്കും. പ്രതികളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോന്തുരുത്തി പള്ളിക്ക് സമീപം ഗ്ലോറിയ ചിറ്റ്സ് എന്ന കമ്പനി വഴി ആളുകളെ കബളിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ്. ഭക്തിയുടെയും കൗണ്‍സിലിംഗിന്റെയും പേരില്‍ ആളുകളെ അടുപ്പിച്ച് ഇവരെ ചിട്ടിയില്‍ ചേര്‍ക്കുകയായിരുന്നു.
അടവുകള്‍ പൂര്‍ത്തിയായ ചിട്ടിപ്പണം നല്‍കാതെ പുതിയ ചിട്ടിയില്ച്ചേര്ത്തും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പ്. ചിട്ടിപിടിച്ചവര്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സഹോദരങ്ങള്‍ ഒളിവില്‍പ്പോവുകയായിരുന്നു.