ലണ്ടന്‍: ലോക ഫുട്ബോളില്‍ ഏറ്റവും മൂല്യമേറിയ കളിക്കാരന് എന്ന നേട്ടം ഇനി നോര്‍വെയുടെ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിനു സ്വന്തം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കളിക്കാരനാണ് ഇരുപത്തിരണ്ടുകാരനായ എര്‍ലിംഗ് ഹാലണ്ട്. 1782 കോടി രൂപയാണ് (194 മില്യണ്‍ യൂറോ) ഹാലണ്ടിന്റെ മൂല്യം.
ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയെ പിന്തള്ളിയാണ് മൂല്യത്തില്‍ ഹാലണ്ട് മുമ്പനായത്. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയുടെ താരമായ കൈലിയന്‍ എംബാപ്പെയുടെ മൂല്യം 1671 കോടി രൂപയാണ് (182 മില്യണ്‍ യൂറോ).
2022 ജൂണിലാണ് എര്‍ലിംഗ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 53 മത്സരങ്ങളില്‍ 52 ഗോള്‍ സ്വന്തമാക്കി. മുന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി 89 മത്സരങ്ങളില്‍ 86 ഗോള്‍ നേടിയിരിക്കേയായിരുന്നു സിറ്റിയിലേക്ക് ഹാലണ്ട് എത്തിയത്.
പിഎസ്ജിയില്‍നിന്ന് 2023-24 സീസണിന്റെ അവസാനത്തോടെ പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് കൈലിയന്‍ എംബാപ്പെ.
മൂല്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂണിയറാണ്. 1442 കോടി രൂപയാണ് വിനീഷ്യസ് ജൂണിയറിന്റെ മൂല്യം.
2023-24 പ്രീ സീസണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ റയല്‍ മാഡ്രിഡിലെത്തിയ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിംഗ്ഹാമാണ് (1396 കോടി രൂപ) മൂല്യത്തില്‍ നാലാം സ്ഥാനത്ത്.