ഗുരുക്കന്മാരോടുള്ള വിദ്യാര്‍ഥികളുടെ സ്നേഹം ഒരു കാലത്തും അവസാനിക്കാത്തതാണ്. തങ്ങള്‍ക്ക് നല്ല കാലം വന്നതിനു ശേഷം ഗുരുക്കന്മാരെ സന്ദര്‍ശിക്കാന്‍ പോകുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്.
സ്കൂള്‍ പഠന കാലത്ത് ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ രാമനാഥ് എസ് റാവു.
തുടര്‍ന്ന് വീടിനടുത്തുള്ള സൗമ്യ എന്ന അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയതോടെയാണ് രാമനാഥിലെ പ്രതിഭ തെളിഞ്ഞത്.
ശേഷം ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം നേടിയ യുവാവ് ഇന്ന് സ്വീഡനിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
അവിടുന്ന് ലഭിച്ച ആദ്യ ശമ്പളത്തില്‍ നിന്ന് തന്റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് രാമനാഥ്.
അധ്യാപിക സൗമ്യക്ക് സമ്മാനം നല്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് രാമനാഥിന്റെ സഹോദരി നമ്രത എസ് റാവു ആണ്.
രാമനാഥും-സൗമ്യയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയും അവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
നമ്രതയുടെ വാക്കുകള്‍ ഇങ്ങനെ…ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ഒരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു എന്റെ സഹോദരന്. ചില സമയങ്ങളില്‍ രാമനാഥിന്റെ പ്രകടനം വളരെ താഴെയായിരുന്നു.
എന്നാല്‍, അവന്റെ ട്യൂഷന് അധ്യാപികയായ സൗമ്യ അവനെ പഠനത്തില്‍ മിടുക്കനാക്കുമെന്ന് ഉറപ്പുതന്നു. തുടര്‍ന്ന് പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് വാങ്ങാന്‍ രാമനാഥിന് കഴിഞ്ഞു” നമ്രത ട്വീറ്റില്‍ പറയുന്നു.
അധ്യാപികയുടെ തുടര്‍ച്ചയായ പിന്തുണയും രാമനാഥില് അവര്‍ അര്‍പ്പിച്ച വിശ്വാസവുമാണ് മികച്ച വിജയം നേടിയെടുക്കാന്‍ അവനെ സഹായിച്ചതെന്നും നമ്രത കൂട്ടിച്ചേര്‍ത്തു.
സ്കൂളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന അധ്യാപികയുടെ പ്രതീക്ഷയും പിന്തുണയും രാമനാഥിന് വളരെ ആവശ്യമായിരുന്നുവെന്നും നമ്രത തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.
എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തശേഷം സ്വീഡനിലെത്തിയ രാമനാഥ് ബിരുദാനന്തര ബിരുദവും നേടി.
തുടര്‍ന്ന് സ്വീഡനില്‍ തന്നെ ഒരു കമ്പനിയില്‍ ജോലിക്ക് കയറുകയായിരുന്നു. അവിടെ നിന്ന് ലഭിച്ച ആദ്യ ശമ്പളം കൊണ്ടാണ് അധ്യാപികയ്ക്ക് സമ്മാനം വാങ്ങിയത്.
ഇത് വിലമതിക്കാനാവാത്ത സമ്മാനമാണെന്നും രാമനാഥ് നല്കിയ സമ്മാനം അധ്യാപിക എന്നും വിലപ്പെട്ടതായി കരുതുമെന്നും നമ്രത കുറിച്ചു. ഉഡുപ്പിയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്യുകയാണ് നമ്രത.
പഠനേതര വിഷയങ്ങളിലും സ്പോര്‍ട്സിലും രാമനാഥ് സ്കൂളില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നുവെന്ന് നമ്രത ഓര്‍ത്തെടുത്തു.
ആവശ്യസമയത്ത് തന്നെ സഹായിച്ചവരോട് നാം എപ്പോഴും കടപ്പാടുള്ളവരായിരിക്കണമെന്ന് അവര്‍ പറഞ്ഞു.
നിങ്ങള്‍ ഇപ്പോള്‍ ആയിയിരിക്കുന്ന ഇടത്ത് എത്തിച്ചേരാന്‍ സഹായിച്ചവരെ ഒരിക്കലും മറക്കാന്‍ പാടില്ല.
ആ ശ്രമങ്ങള്‍ക്ക് പകരമായി നിങ്ങള്‍ എന്ത് സമ്മാനമോ പണമോ നല്കിയാലും അവരുടെ പ്രയത്നങ്ങള്‍ക്ക് പകരമാവില്ല, പ്രത്യേകിച്ച് അധ്യാപകരുടെയും ഗുരുക്കന്മാരുടെയും ശ്രമങ്ങള്‍ക്ക്, നമ്രത പറഞ്ഞു.
ഈ സ്നേഹബന്ധത്തിന്റെ കഥ വളരെ വേഗമാണ് ട്വിറ്ററില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.
ശരിയായ സമയത്ത് തന്നെ രാമനാഥിന്റെ ജീവിതം അനുഗ്രഹീതമായി. അത് അവന്റെ ജീവിതത്തില്‍ എന്നന്നേക്കുമായുള്ള മാറ്റം വരുത്തി. എന്നാല്‍, ഈ ഭാഗ്യം എല്ലാവര്ക്കും ലഭിക്കില്ല. രാമനാഥിന്റെ സാധ്യതകള്‍ തിരിച്ചറിയാന്‍ ആ അധ്യാപികയ്ക്ക് കഴിഞ്ഞു-അരുണ്‍ എന്നയാള്‍ നമ്രതയുടെ ട്വീറ്റിന് കമന്റ് ചെയ്തു.
താന്‍ സ്കൂളില്‍ മികച്ച സ്ഥാനത്തായിരുന്നുവെന്നും എന്നാല്‍ തൊഴില്‍ ഇടത്തില്‍ കാര്യമായി ശോഭിക്കാന്‍ കഴിഞ്ഞില്ലെന്നും പൂര്‍ണിമ റാവു എന്ന ഉപയോക്താവ് പറഞ്ഞു.
പഠന കാര്യങ്ങളില്‍ മികച്ച സ്ഥാനത്തെത്തുന്നയാള്‍ക്ക് ജീവിതത്തില്‍ ഉന്നതസ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതേസമയം, സ്കൂള്‍ തലത്തില്‍ ശരാശരി മാത്രമായിരുന്നവര്‍ പിന്നീട് തൊഴിലിടത്തില്‍ മികച്ച വിജയം നേടുകയും ചെയ്യും, പൂര്‍ണിമ കമന്റ് ചെയ്തു.