മയാമി: അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ഫുട്ബോളില്‍ ഇന്റര്‍ മയാമിക്കുവേണ്ടിയുള്ള അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30ന്.
ലീഗ്സ് കപ്പ് ഗ്രൂപ്പ് ജെയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്റര്‍ മയാമി മെക്സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂളുമായി ഇറങ്ങുമ്പോള്‍ ടീമിനൊപ്പം ലയണല്‍ മെസിയുമുണ്ടാകും.
എന്നാല്‍, സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മെസി ഇറങ്ങില്ലെന്നാണ് സൂചന. ഇന്റര്‍ മയാമി ഉടമയും ഇംഗ്ലീഷ് മുന്‍ താരവുമായ ഡേവിഡ് ബെക്കാമും ക്ലബ് മുഖ്യപരിശീലകന്‍ ജെറാര്‍ഡൊ മാര്ട്ടിനൊയും ഇതു സംബന്ധിച്ച സൂചനകളാണ് നല്‍കിയത്.
മെസിയുടെ അരങ്ങേറ്റ മത്സരത്തിന്റെ ടിക്കറ്റ് വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. 90 ലക്ഷം രൂപയാണ് (1,10,000 ഡോളര്‍) നിലവില്‍ ഇന്റര്‍ മയാമിയും ക്രൂസ് അസൂളും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് വിലയെന്നാണ് റിപ്പോര്‍ട്ട്. 40,000 രൂപയ്ക്കുള്ള (487 ഡോളര്‍) ടിക്കറ്റും ലഭ്യമാണ്.
ലയണല്‍ മെസിയും ബാഴ്സലോണയില്‍ സഹതാരവുമായിരുന്ന സെര്‍ജിയൊ ബുസ്ക്വെറ്റസും കഴിഞ്ഞ ദിവസം ഇന്റര്‍ മയാമിക്കൊപ്പം തങ്ങളുടെ ആദ്യ പരിശീലനം നടത്തിയിരുന്നു.
സ്പാനിഷ് താരമായ ബുസ്ക്വെറ്റ്സ് ബാഴ്സലോണയില്‍നിന്നാണ് ഇന്റര്‍ മയാമിയിലെത്തിയത്. ബുസ്ക്വെറ്റ്സും ക്രൂസ് അസൂളിനെതിരായ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടാകില്ലെന്നാണ് സൂചന.
ഇന്റര്‍ മയാമിയില്‍ ലയണല്‍ മെസിയെ അവതരിപ്പിച്ചത് ലോകത്താകമാനമായി 3.5 ബില്യണ്‍ ആളുകള്‍ കണ്ടതായാണ് കണക്ക്.
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ്ബായ അല്‍ നസര്‍ അവതരിപ്പിച്ചപ്പോള്‍ കുറിക്കപ്പെട്ട മൂന്ന് ബില്യണ്‍ വ്യൂവര്‍ഷിപ്പ് എന്ന റിക്കാര്‍ഡും ഇതോടെ തകര്‍ന്നു.