ധാക്ക: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിന് കടുത്ത ശിക്ഷ വിധിച്ച് ഐസിസി.
ബംഗ്ലാദേശ് വനിതകളും ഇന്ത്യൻ വനിതകളും തമ്മിൽ നടന്ന മൂന്നാം ഏകദിന ക്രിക്കറ്റിനിടെ അന്പയറിന്റെ എൽബിഡബ്ല്യു തീരുമാനത്തോടു പ്രതിഷേധിച്ച് സ്റ്റംപ് അടിച്ചു തെറിപ്പിച്ച ഹർമൻപ്രീത് കൗർ, അന്പയറെ രൂക്ഷമായി വിമർശിച്ചാണു മൈതാനം വിട്ടത്. ഹർമൻപ്രീത് കൗറിന്റെ ഈ പ്രവൃത്തിക്കെതിരേയാണ് ഐസിസിയുടെ കടുത്ത നടപടി.
മാച്ച് ഫീസിന്റെ 75 ശതമാനം പിഴയും മൂന്നു ഡിമെറിറ്റ് പോയിന്റുമാണു ഹർമൻപ്രീത് കൗറിനെതിരേ വിധിച്ചിരിക്കുന്നത്. മത്സരശേഷം നടത്തിയ പ്രതികരണത്തിലും അന്പയറിംഗിനെ ഹർമൻപ്രീത് കൗർ രൂക്ഷമായി വിമർശിച്ചു.
ഫീൽഡിൽ (വിക്കറ്റ് അടിച്ചുതെറിപ്പിച്ചത്) നടത്തിയ പ്രകടനത്തിന് മാച്ച് ഫീസിന്റെ 50 ശതമാനവും ട്രോഫി സമ്മാനിക്കുന്പോൾ നടത്തിയ വിമർശനത്തിന് 25 ശതമാനവും ഉൾപ്പെടെയാണ് 75 ശതമാനം പിഴ.
മത്സരത്തിൽ ബംഗ്ലാദേശ് മുന്നോട്ടുവച്ച 226 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ പിന്തുടരുന്പോഴായിരുന്നു ഹർമൻപ്രീത് കൗറിന്റെ ഈ പ്രവൃത്തി. 49.3 ഓവറിൽ ഇന്ത്യ 225നു പുറത്തായതോടെ മത്സരം ടൈയിൽ കലാശിച്ചു
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 160 റണ്‍സ് എന്ന നിലയിൽനിന്നാണ് ഇന്ത്യ 225നു പുറത്തായത്. ഇന്ത്യക്കായി ഹർനൻ ഡിയോൾ (77), സ്മൃതി മന്ദാന (59) എന്നിവർ അർധസെഞ്ചുറി നേടി. മൂന്നു മത്സര പരന്പര 1-1നും അവസാനിച്ചു.