കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിലായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മുക്കം, കൂടരഞ്ഞി, കുന്ദമംഗലം, എൻഐടി ഭാഗങ്ങളിൽ വൻതോതിൽ എംഡിഎംഎ കച്ചവടം ചെയ്തുവരുന്ന കക്കാടംപൊയിൽ നെല്ലിക്കലിൽ മാനി എന്ന കമറുദ്ദീൻ (32), പെരുമണ്ണ സ്വദേശി അബ്ദുൽ ഫത്താഹ് (25) എന്നിവരാണ് അറസ്റ്റിലായത്.
കമറുദ്ദീനെ ഡാൻസാഫും കുന്ദമംഗലം പോലീസും ചേര്‍ന്നാണ് പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ തന്നെ വലിയ ലഹരി മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് മാനി എന്നു വിളിപ്പേരുള്ള കമറുദ്ദീന്.
മുക്കം–കൂടരഞ്ഞി–കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. തൊഴിൽ മറയാക്കി മാരക മയക്കുമരുന്നുകൾ കച്ചവടം ചെയ്യുന്നവരെപ്പറ്റിയുള്ള സൂചനകൾ ഇയാളെ ചോദ്യം ചെയ്തപ്പോൾ പോലീസിനു ലഭിച്ചു.
അധികം വൈകാതെ ഇവരെയും പിടികൂടാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കമറുദ്ദീൻ എംഡിഎംഎ, ഹഷീഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കൾ പ്രധാനമായും വിൽപ്പന നടത്തുന്നത് എൻഐടി, ആർഇസി, മുക്കം ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ്.
പെൺകുട്ടികളടക്കം നിരവധി വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നിനുവേണ്ടി ഇയാളെ സമീപിക്കാറുണ്ട്.