രഞ്ജിത്ത് പക്ഷികളുമായി കൂട്ടുകൂടിത്തുടങ്ങിയിട്ട് 15 വർഷം കഴിഞ്ഞു. ഓരോ പക്ഷിയും അദ്ദേഹത്തിന് സ്വന്തം മക്കളെപ്പോലെയാണ്. രഞ്ജിത്തിന്റെ തലോടലിനായി, കിളിക്കൊഞ്ചൽ കേൾക്കാനായി അവ സദാ സമയവും ചുറ്റുമുണ്ടാകും.
ഒന്നു വിളിച്ചാൽ മതി, എവിടെ നിന്നാണെങ്കിലും പറന്നെത്തും ആ വളർത്തു പക്ഷികൾ. തോളിലിരുന്നു ചെവിയിൽ കിന്നാരം പറയുന്ന പക്ഷികളെ കാണുന്നതു തന്നെ കൗതുകം.
ചിലപ്പോഴെങ്കിലും കുറുന്പുകാട്ടി പറന്നകലുന്ന അവ ദൂരെയിരുന്ന് രഞ്ജിത്തിനെയും മക്കളെയും പേരു ചൊല്ലി വിളിക്കും. കോട്ടയം ജില്ലയിൽ പാലാ അന്പാറ, വാഴവിള വീട്ടിൽ വി. എം. രഞ്ജിത്തിന് ഈ അരുമ പക്ഷികൾ ജീവനും ജീവിതവുമാണ്.
ആരും മോഹിക്കുന്ന വിദേശയിനം തത്തകളുടെയും പക്ഷികളുടെയും വിപുലമായ ശേഖരം തന്നെ രഞ്ജിത്തിനുണ്ട്. ഇരുപതോളം വ്യത്യസ്ത ഇനങ്ങളിലായി നൂറോളം വിദേശയിനം തത്തകളും പക്ഷികളുമാണു പ്രധാന ആകർഷണം.
പരിശീലിപ്പിച്ചാൽ മനുഷ്യനുമായി നന്നായി ഇണങ്ങുന്നവയാണ് ഇവയിൽ പലതും. വീടിന്റെ ടെറസിൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് അവ പറന്നു കളിക്കുന്നത്. ഇവയിൽ ചിലർ വെള്ളിത്തിരയിൽ നിറഞ്ഞാടിയവരുമാണ്.
വയനാട് പുൽപള്ളി വാഴവിള വീട്ടിൽ ആർ. മുരളീധരൻ പിള്ളയുടെയും രമണിയുടെയും മകനായ രഞ്ജിത്തിന് തീരെ ചെറുപ്പം മുതൽ പക്ഷികളെ ഇഷ്ടമായിരുന്നു. സ്കൂളിൽ പോകുന്ന കാലത്ത് വഴിയിൽ കാണുന്ന ജീവികളെ വീട്ടിൽ കൊണ്ടുവരുന്നതു പതിവായിരുന്നു.
വീട്ടുകാർ എതിർത്തില്ലെന്നു മാത്രമല്ല, പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു പക്ഷേ, രഞ്ജിത്തിന്റെ പക്ഷി സ്നേഹത്തിനു കാരണമിതാകാം.
കൃഷിയിൽ നിന്നു പക്ഷിയിലേക്ക്
കൃഷിയിലായിരുന്നു രഞ്ജിത്തിന്റെ തുടക്കം. ഒരേക്കറോളം വരുന്ന സ്ഥലത്തെ കൃഷിക്കൊപ്പം ആട്, പശു, പോത്ത് എന്നിവയേയും വളർത്തി.
പോത്തിനെ വിറ്റു കിട്ടിയ പണം കൊണ്ട് ആദ്യം മുയൽ വളർത്തൽ തുടങ്ങി. പിന്നീട് കോഴി, താറാവ് എന്നിവയിലും കൈ വച്ചു. ഒടുവിൽ നായ്ക്കളിലുമെത്തി.
അതിൽ കൈപൊള്ളിയതോടെ പിന്മാറി പക്ഷികളിലേക്കു തിരിയുകയായിരുന്നു. സുഹൃത്തുക്കളിൽ നിന്നൊക്കെ ഏറെക്കാര്യങ്ങൾ പഠിച്ച ശേഷമാണ് പക്ഷികളെ വാങ്ങിയത്.
ഇതിനിടെ, ഭാര്യ ശ്രുതിയുടെ പിതാവ് മരിച്ചതിനെ തുടർന്നു വയനാട്ടിൽ നിന്നു രഞ്ജിത്ത് പാലായിലേക്കു പോന്നു. അരുമകളെയെല്ലാം ഒപ്പം കൂട്ടിയായിരുന്നു വരവ്.
പക്ഷികളെ വാങ്ങാനും ഫാം കാണാനുമായി ദിനംപ്രതി നിരവധിപ്പേരാണു രഞ്ജിത്തിന്റെ അടുത്തെത്തുന്നത്. ഫോണ് കോളുകൾക്കു കണക്കില്ല.
വില 1500 മുതൽ 15 ലക്ഷം വരെ
വിദേശയിനം പക്ഷികൾക്കു മോഹവിലയാണ്. ജോഡിക്ക് 1500 മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള തത്തകൾ രഞ്ജിത്തിനുണ്ട്. മെക്കോവോ ഇനം തത്തകൾക്കാണ് ഏറ്റവും പ്രിയവും വിലയും.
ഇതിൽ ബ്ലൂ അൻഡ് ഗോൾഡ് എന്ന മെക്കാവോ ഇനമാണ് വിലയിൽ കേമൻ. പെട്ടെന്ന് ഇണങ്ങുന്നതും കാണാൻ ഏറെ ഭംഗിയുള്ളതുമാണ് ഈ ഇനം. സൗത്ത് അമേരിക്ക, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള തത്തകളാണു രഞ്ജിത്തിന്റെ പക്കലുള്ളവയിൽ കൂടുതലും.
സണ് കൊന്യൂർ, ജാൻഡിയ കൊന്യൂർ, ഗ്രീൻ ചീക്ക് കൊന്യൂർ, യെല്ലോ സൈഡഡ് കൊന്യൂർ, ബ്ലൂ ഗ്രീൻ ചീക്ക് കൊന്യൂർ, ചീക്ക്ഡ് കൊന്യൂർ, പൈനാപ്പിൾ കൊന്യൂർ, കൂടുതൽ സംസാരിക്കാനും വാക്കുകൾ പഠിക്കാനും കഴിവുള്ള ആഫ്രിക്കൻ ഗ്രേ പാരറ്റ്,
ഗ്രീൻ വിംഗ്ട് മെക്കോവോ, സൾഫർ ക്രസ്റ്റഡ് കൊക്കറ്റോ, അംബർലാ കൊക്കറ്റോ, ആമസോണ് പാരറ്റ്, സുനാമി തിരിച്ചറിയാൻ കഴിയുന്ന ഗോൾഡൻ ഫെസന്റ് തുടങ്ങിയവ രഞ്ജിത്തിന്റെ ശേഖരത്തിലെ അപൂർവ ഇനങ്ങളാണ്.
കാണുന്നവരിൽ കൗതുകമുണർത്തുന്ന മർമോസെറ്റ് (കുഞ്ഞൻ കുരങ്ങ്) ഫാമിന്റെ പ്രധാന ആകർഷണമാണ്. പക്ഷികളെ ബ്രീഡ് ചെയ്തും വിൽക്കുന്നുണ്ട്. രമേശ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ തത്തയിൽ വിവിധ റോളുകളിൽ അഭിനയിച്ചത് ഇവിടുത്തെ പക്ഷികളാണ്.
റിയോ എന്നു വിളിക്കുന്ന മെക്കാവോയും, കൊക്കറ്റോ വിഭാഗത്തിലുള്ള രാജു, സ്വീറ്റി, ആഫ്രിക്കൽ ഗ്രേ പാരറ്റായ അമ്മു, കാൻഡി എന്നിവരെ കൂടാതെ കുഞ്ഞൻ കുരങ്ങും വെള്ളിത്തിരയിൽ മിന്നിതിളങ്ങി. ഇപ്പോഴും പല സിനിമകളിലും രജ്ഞിത്തിന്റെ പക്ഷികൾ അഭിഭാജ്യ ഘടകമാണ്.
കേരള പെറ്റ്സ് ഫാംസ്
അരുമ പക്ഷികൾക്കായി സോഷ്യൽ മീഡിയയിൽ രഞ്ജിത്തിന്റെ വക ഒരു പേജു തന്നെയുണ്ട്. യുട്യൂബിലും, ഫേസ് ബുക്കിലും കേരള പെറ്റ്സ് ഫാംസ് എന്നു ടൈപ്പ് ചെയ്താൽ പക്ഷികളുടെ വിശാലമായ ലോകത്തെത്താം. പക്ഷികളെ ഓണ്ലൈനായും വിൽക്കുന്നുണ്ട്.
പക്ഷികളെ ആവശ്യമുള്ളവർക്ക് ട്രാൻസ്പോർട്ടിംഗ് (ഓൾ ഇന്ത്യ) സംവിധാനവും ഒരുക്കിയിട്ടുണ്ട്. പക്ഷികളുടെ ഡിഎൻഎ പരിശോധിച്ചു നൽകുകാനുള്ള സൗകര്യം രഞ്ജിത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷികളുടെ മുട്ട വിരിയിക്കാൻ പ്രത്യേക ഇൻകുബേറ്ററുമുണ്ട്.
നല്ലൊരു പക്ഷി പരിശീലകൻ കൂടിയാണു രഞ്ജിത്ത്. പരിശീലിപ്പിക്കാനായി ദൂര സ്ഥലങ്ങളിൽ നിന്നു പോലും നിരവധി പക്ഷികളെ ഇവിടെ കൊണ്ടുവരാറുണ്ട്.
ഇണങ്ങാനാണു പ്രധാന പരിശീലനം. ആവശ്യമെങ്കിൽ ചില വിദ്യകളും സൂത്രങ്ങളും പഠിപ്പിക്കും. പക്ഷികൾക്ക് പ്രത്യേക മെനുവുണ്ട്. അതു തയാറാക്കിയതും രഞ്ജിത് തന്നെ.
പഴവർഗങ്ങൾ കൂട്ടിചേർത്ത പ്രത്യേക ആഹാരമാണത്. യാത്രക്കിടയിൽ കാണുന്ന തന്റെ പക്കലില്ലാത്ത പക്ഷികളെ എന്തു വില കൊടുത്തും രഞ്ജിത് വാങ്ങും.
ഭാര്യ ശ്രുത്രി കെ.വിജയനും മക്കളായ വേദ, പ്രഭ എന്നിവരും കട്ട സപ്പോർട്ടുമായി രഞ്ജിത്തിനൊപ്പമുണ്ട്.
വിശാലമായ കൂട് ഒരുങ്ങുന്നു
പക്ഷികൾക്ക് വിശാലമായൊരു നഴ്സറി വളരെ നാളുകളായി രഞ്ജിത്തിന്റെ സ്വപ്നമായിരുന്നു. അതിന്റെ സാക്ഷാത്കാരമെന്നവണ്ണം ഇടുക്കി ജില്ലയിലെ ഇലപ്പള്ളിക്കു സമീപം എടാട്ട് എന്ന സ്ഥലത്ത് വിശാലമായ പുതിയ ഫാം ഒരുങ്ങുകയാണ്.
പക്ഷികൾക്ക് പറന്നു നടക്കാനും അരുമ മൃഗങ്ങൾക്ക് ഓടി നടക്കാനും ഇവിടെ വേണ്ടുവോളം സൗകര്യമുണ്ട്. അരുമ പക്ഷികൾക്ക് ഇണങ്ങുന്ന കൃത്രിമ ആവാസവ്യവസ്ഥ സജ്ജീകരിച്ചാണു ഫാം നിർമിക്കുന്നത്.
ജപ്പാനീസ് കാടകളിലെ വിവിധയിനങ്ങൾ
1. ഇംഗ്ലീഷ് വൈറ്റ്
2. മഞ്ചൂറിയൻ ഗോൾഡൻ
3. ബ്രിട്ടീഷ് ഓറഞ്ച്
4. ടുകേസ്ഡൊ
മാംസത്തിനും മുട്ടയ്ക്കുംവേണ്ടി മാത്രമുള്ള ഇനങ്ങളെ നൂതന പ്രജനനപ്രക്രിയകളിലൂടെ ഗവേഷണകേന്ദ്രങ്ങൾ പ്രത്യേകിച്ച് ഐസറ്റ് നഗറിലെ കോഴിവളർത്തൽ വിഭാഗം വിരിയിച്ചെടുത്തിട്ടുണ്ട്.
ഫോണ്: 9287545454
ജിബിൻ കുര്യൻ