വൈക്കം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്കു മടങ്ങുമ്പോൾ തടഞ്ഞുനിർത്തി വീട്ടമ്മയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ നടപടി വൈകിയതിൽ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
വൈക്കം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനോയ്, സാബു എന്നിവർക്കെതിരേയാണ് ഡിഐജിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് നടപടി സ്വീകരിച്ചത്.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായ വീട്ടമ്മ കഴിഞ്ഞ 13ന് രാത്രി പുളിഞ്ചുവട്ടിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോൾ സ്കൂട്ടറിൽ വന്ന അയൽവാസി വീട്ടമ്മയെ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യുകയായിരുന്നു.
യുവതി ബഹളം കൂട്ടിയപ്പോൾ യുവാവ് കടന്നുകളഞ്ഞു. ഈ സമയം വീട്ടമ്മയെ കൊണ്ടുപോകാൻ ഭർത്താവും അവിടേക്ക് എത്തിയിരുന്നു.
ആ രാത്രിതന്നെ വീട്ടമ്മ വൈക്കം പോലീസിൽ പരാതിപ്പെട്ടു. വീട്ടമ്മ ജോലിക്കു പോയതിനെ തുടർന്ന് പിറ്റേന്ന് ഭർത്താവ് സ്റ്റേഷനിലെത്തി പരാതിയുടെ രസീത് ചോദിച്ചെങ്കിലും വൈദ്യുതി തകരാർ മൂലം രസീത് നൽകാനായില്ല.
രണ്ടു ദിവസം കഴിഞ്ഞാണ് കേസെടുത്തത്. കേസെടുത്തപ്പോൾ യുവതിയെ ശാരീരികമായി ആക്രമിച്ചതിനുള്ള വകുപ്പ് ഉൾപ്പെടുത്താതിരുന്നത് പോലീസിന്റെ വീഴ്ചയായി.
യുവതിയെ ആക്രമിച്ച പുളിഞ്ചുവട് സ്വദേശി അനീഷ് കുമാറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥർ നീതിപൂർവം പ്രവർത്തിക്കുന്നവരായതിനാൽ സേനയ്ക്കുള്ളിലും അമർഷം പുകയുന്നുണ്ട്.
യുവതിയെ ആക്രമിച്ചയാൾ അയൽവാസിയായതിനാൽ വിശദമായ അന്വേഷണം നടത്തുന്നതിനായി വേണ്ടിവന്ന കാലതാമസമേ ഉണ്ടായിട്ടുള്ളൂവെന്നാണ് സേനാംഗങ്ങൾക്കിടയിലെ സംസാരം.