സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തീവ്രമഴ കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
മലപ്പുറം, പാലാക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ തീവ്രമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ബുധനാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.
വരുംമണിക്കൂറില്‍ ഇത് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറും. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
തുടര്‍ന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡീഷ തീരത്തേക്ക് ന്യൂനമര്‍ദ്ദം നീങ്ങാനും സാധ്യതയുണ്ട്.
വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കച്ചിനു മുകളില്‍ മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്.
ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളിലും വ്യാപക മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.