വയനാട്: വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ഭര്‍തൃ കുടുംബത്തിനെതിരേ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം കുറ്റങ്ങള്‍ ചുമത്തി.
വെണ്ണിയോട് ജെയിൻ സ്ട്രീറ്റിലെ ദർശനയും മകൾ അഞ്ചുവയസുകാരി ദക്ഷയുമാണ് ഈ മാസം 13ന് മരിച്ചത്.സംഭവത്തിൽ ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജന്, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍. സജീവന് അന്വേഷണം ഏറ്റടുത്തതിനു പിന്നാലെയാണ് നടപടി. ദര്‍ശനയുടെ ബന്ധുക്കളില്‍നിന്ന് പോലീസ് വിശദമായി മൊഴി എടുത്തിരുന്നു. അതേസമയം ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പോലീസ് വ്യക്തമാക്കി.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദർശനയുടെ ബന്ധുക്കൾ പറഞ്ഞു.
പുഴയിൽ ചാടാൻ ദർശനയെ പ്രേരിപ്പിച്ചത് ഭർതൃവീട്ടുകാരുടെ പീഡനമാണെന്നാണ് ദർശനയുടെ അമ്മ വിശാലാക്ഷി ആരോപിക്കുന്നത്.
മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ 13 നാണ് ദര്‍ശന വിഷം കഴിച്ച ശേഷം അഞ്ച് വയസുകാരി മകൾക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്. ദര്‍ശന പിറ്റേന്ന് ആശുപത്രിയിലാണ് മരിച്ചത്.
മകളുടെ മൃതദേഹം നാലാം നാൾ പുഴയില്‍നിന്നു കണ്ടെടുത്തു. ദര്‍ശനയുടെ മരണ ദിവസം തന്നെയാണ് സര്‍ക്കാര്‍ ജോലി കിട്ടികൊണ്ടുള്ള അറിയിപ്പ് വീട്ടില്‍ എത്തിയത്.
ഏറെ നാളായി കാത്തിരുന്ന സര്‍ക്കാര്‍ ജോലി ലഭിച്ചതറിയാതെയുള്ള ദർശനയുടെ വിയോഗം നാടിനാകെ നൊമ്പരമായിരുന്നു.