ജയ്പുർ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പാക്കിസ്ഥാനിലെത്തി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ച രാജസ്ഥാൻ സ്വദേശിനി അഞ്ജുവിനെതിരെ പിതാവ്. ഞങ്ങൾക്ക് അവൾ മരിച്ചതുപോലെ. അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചുവെന്നും പിതാവ് ഗയാ പ്രസാദ് തോമസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
‘രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ല.
അവളുടെ മക്കൾക്കും ഭർത്താവിനും എന്ത് സംഭവിക്കും?. 13 വയസുള്ള മകളെയും അഞ്ച് വയസുള്ള മകനെയും ആരാണ് പരിപാലിക്കുക?. മക്കളുടെയും ഭർത്താവിന്റെയും ഭാവി അവൾ തകർത്തു’’- അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയായ അഞ്ജു, പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെത്തിയാണ് ഫേസ്ബുക്ക് സുഹൃത്ത് നസ്റുല്ലയെ വിവാഹം ചെയ്തത്. ഇവർ മതം മാറിയെന്നും ഫാത്തിമയെന്ന പേര് സ്വീകരിച്ചെന്നും റിപ്പോർട്ടുണ്ട്.
പാക് കോടതിയിൽ, കനത്ത സുരക്ഷയിലാണു ഇവരുടെ നിക്കാഹ് നടന്നത്. പോലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് നസ്റുള്ളയും അഞ്ജുവും കോടതിയിലെത്തിയത്. വിവാഹത്തിനുശേഷം ദന്പതികളെ പോലീസ് സുരക്ഷയിൽ വീട്ടിലെത്തിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണു പാക്കിസ്ഥാനിലെത്തിയതെന്നും ഇവിടെ താൻ സന്തോഷവതിയാണെന്നും രണ്ടു മക്കളുടെ അമ്മയായ അഞ്ജു കോടതിയിൽ പറഞ്ഞു. 2019ലാണ് നസ്റുള്ളയും അഞ്ജുവും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്.