ബാനറുകള്‍ സ്ഥാപിച്ചും ആട്ടിറച്ചി വിതരണം ചെയ്തും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ജനങ്ങളുടെ വിശ്വാസവും സ്നേഹവും നേടിയാണ് തിരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും ഗഡ്കരി വ്യക്തമാക്കി. നാഗ്പുരില്‍ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്സ് കൗണ്‍സിന്റെ (എംഎസ്ടിസി) ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടും താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ കാര്യവും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.
വോട്ടര്‍മാര്‍ മിടുക്കരാണെന്നും എല്ലാ സ്ഥാനാര്‍ഥികളില്‍ നിന്നും പാരിതോഷികം സ്വീകരിക്കുമെന്നും എന്നാല്‍ അവര്‍ വോട്ടു ചെയ്യുന്നത് അവര്‍ക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാര്‍ഥിക്ക് മാത്രമാണെന്നും ഗഡ്കരി പറഞ്ഞു.
”സ്ഥാനാര്‍ഥികള്‍ പലപ്പോഴും തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് പോസ്റ്ററുകള്‍ ഒട്ടിച്ചും പാരിതോഷികങ്ങള്‍ നല്‍കിയുമാണ്. പക്ഷേ, അത്തരം തന്ത്രങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരിക്കല്‍ ഒരു പരീക്ഷണം നടത്തി. ഓരോ കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. വോട്ടര്‍മാര്‍ വളരെ മിടുക്കരാണ്” അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം വിവരിച്ച അദ്ദേഹം, രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ഉണ്ടാക്കിയാല്‍, ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കാതെ തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് പ്രലോഭനങ്ങള്‍ നല്കുന്നതിനു പകരം ജനങ്ങളുടെ ഹൃദയത്തില്‍ വിശ്വാസവും സ്നേഹവും ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.