ദുബായ്: ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനിടെ മൈതാനത്ത് വച്ച് മോശമായി പെരുമാറിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗറിന് മത്സരവിലക്കുമായി ഐസിസി.
കൗറിനെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കുമെന്ന് ഐസിസി വ്യക്തമാക്കി. നേരത്തെ, കൗർ മാച്ച് ഫീയുടെ 75 ശതമാനം പിഴ നൽകണമെന്നും ഐസിസി വിധിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയതിനാല്‍ താരത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു.
ശനിയാഴ്ച നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെയാണ് കൗർ ഗ്രൗണ്ടില്‍ പൊട്ടിത്തെറിച്ചത്. മത്സരത്തില്‍ പുറത്തായ താരം ബാറ്റുകൊണ്ട് സ്റ്റംപ്സ് അടിച്ചുവീഴ്ത്തിയ ശേഷമാണ് മൈതാനം വിട്ടത്.
അംപയറിംഗ് തെറ്റാണെന്ന് ആക്ഷേപമുയർത്തിയ കൗർ, സമ്മാനദാനചടങ്ങിനിടെ ബംഗ്ലാദേശ് താരങ്ങളെ പരിഹസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെ ബംഗ്ലാ താരങ്ങൾ വേദിയിൽനിനും ഇറങ്ങിപ്പോയിരുന്നു.