കോഴിക്കോട്: മിൽമ, കെഎസ്ഇബി, ആരോഗ്യവകുപ്പ്, കെഎസ്എഫ്ഇ, ദേവസ്വം ബോർഡ് എന്നിവയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.
പേരാമ്പ്ര ചേനായിലെ കണ്ടിമണ്ണിൽ തറേമ്മൽ ദിവാകരനെതിരെയാണ് നിരവധിപേർ പേരാമ്പ്ര പോലീസില്‍ പരാതി നൽകിയത്. പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകളിലെ ഇരുപതിലധികംപേർ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ട്.
കോവിഡ് കാലത്താണ് പലരും കെണിയിൽ വീണത്. 5.5 ലക്ഷം നഷ്ടപ്പെട്ട പാലേരി മുതുവണ്ണാച്ചയിലെ തിരുവോത്ത് സഹദേവൻ, നാലു ലക്ഷം രൂപ നഷ്ടമായ മുതുവണ്ണാച്ച നടുവിലക്കണ്ടി രാജീവൻ, ഒന്നര ലക്ഷം രൂപ നഷ്ടമായ മുതുവണ്ണാച്ചയിലെ വടക്കയിൽ സതീഷ് തുടങ്ങിയവരാണ് പേരാമ്പ്ര പോലീസിൽ പരാതി നൽകിയത്.
2020 മാർച്ച്, മേയ് മാസങ്ങളിലായാണ് പണം തട്ടിയത്. കോവിഡ് കാലമായതിനാൽ ജോലി ശരിയാകാൻ ഒരു വർഷമെങ്കിലും കാത്തിരിക്കണമെന്ന് വിശ്വസിപ്പിച്ചിരുന്നു.
പിന്നീട് പലവട്ടം ഇയാളെ ബന്ധപ്പെട്ടെങ്കിലും ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി. ഇയാളുടെ ബിനാമിയാണെന്ന് പറഞ്ഞ് ഒരാൾ ഫോണിൽ വിളിച്ച് ജോലി ഉടൻ ശരിയാകുമെന്ന് ഉറപ്പുനൽകിരുന്നെങ്കിലും മൂന്നുവർഷം കഴിഞ്ഞിട്ടും ജോലി ശരിയാകാതിരുന്നതിനാലാണ് പോലീസിനെ സമീപിച്ചത്.