സ്വന്തം ലേഖകൻ
കൊല്ലം: തമിഴ്നാട്ടിലെ ചെങ്കോട്ട വഴി കേരളത്തിലേക്ക് ട്രെയിനുകളിൽ കഞ്ചാവ് കടത്ത് വ്യാപകം. ചെങ്കാട്ടയ്ക്കും കൊല്ലത്തിനും മധ്യേ സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് വ്യാപകമായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്.
ഈ റൂട്ടിന് കഞ്ചാവ് ലോബി ഗ്രീൻ ചാനൽ എന്ന പേരും നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കഞ്ചാവുമായി പാലരുവി എക്സ്പ്രസിൽ വന്ന മൂന്ന് യുവാക്കളെ ആർപിഎഫ് പുനലൂരിൽ പിടികൂടിയിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്ഥിരമായി ഈ റൂട്ടിൽ ട്രെയിനുകളിൽ കഞ്ചാവ് കടത്തുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ചെങ്കോട്ട വഴിയുള്ള ട്രെയിനുകളിൽ പോലീസിന്റെയോ ആർപിഎഫിന്റെയോ കാര്യമായ പരിശോധന ഇല്ലാത്തതാണ് കടത്തുകാർക്ക് സൗകര്യമേകുന്നത്.
ഈ റൂട്ടിൽ പുനലൂരിൽ മാത്രമാണ് റെയിൽവേ സംരക്ഷണ സേനയ്ക്ക് സ്റ്റേഷനുള്ളത്. ട്രെയിനുകളിൽ എക്സൈസിന് പരിശോധനകൾ നടത്തുന്നതിന് ചില പരിമിതികൾ ഉണ്ട്.
യുവാക്കളെ കാരിയർമാരായി ഉപയോഗിച്ചാണ് കടത്ത്. ചെങ്കോട്ടയിൽനിന്നു ഷോൾഡർ ബാഗിൽ നിറച്ച് നൽകുന്ന കഞ്ചാവ് സ്റ്റേഷനിൽ എത്തിച്ചാൽ 2000 രൂപ പ്രതിഫലമായി നൽകും.
പുനലൂരിനും കൊല്ലത്തിനും മധ്യേയുള്ള തിരക്കൊഴിഞ്ഞ സ്റ്റേഷനുകളിലാണ് കഞ്ചാവ് അടങ്ങിയ ബാഗ് എത്തിക്കേണ്ടത്. ഇത് കൈപ്പറ്റാൻ വാഹനത്തിൽ ആൾക്കാർ കാത്ത് നിൽപ്പുണ്ടാകും. ബാഗ് കൈമാറിയാൽ ഉടൻ പ്രതിഫലം നൽകും.
ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കൊണ്ടുപോകുന്നതിന് വേറെയും കാരിയർമാരുണ്ട്. ട്രെയിനുകളിൽ കാരിയർമാരായി സ്ത്രീകൾ അടക്കമുള്ള ചെറുകിട കച്ചവടക്കാരെയും യാചകർ അടക്കമുള്ളവരെയും കഞ്ചാവ് ലോബി ഉപയോഗിക്കുന്നുണ്ട്.
തമിഴ്നാട്ടിൽ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും സ്റ്റേഷനറി ഐറ്റങ്ങൾക്കും വിലക്കുറവായതിനാൽ നിരവധി ആൾക്കാർ അവിടെ പോയി സാധനങ്ങൾ എടുത്ത് നാട്ടിൽ എത്തിച്ച് വിപണനം നടത്തുണ്ട്.
ഇവരിൽ ചിലരെയും കഞ്ചാവ് ലോബി ഉപയോഗിക്കുന്നുണ്ട്. ചെന്നൈ എഗ് മോറിൽനിന്ന് കൊല്ലത്തേക്ക് വരുന്ന അനന്തപുരി എക്സ്പ്രസിൽ സ്ഥിരമായി യുവാക്കൾ കഞ്ചാവ് കടത്തുന്നതായി പറയുന്നു.
ഏതാനും മാസം മുമ്പ് അനന്തപുരി എക്സ്പ്രസിൽ കഞ്ചാവ് കടത്തിയ അഞ്ച് യുവാക്കളെ വർക്കലയിൽ വച്ച് ടിക്കറ്റ് പരിശോധകർ തടഞ്ഞ് വച്ചെങ്കിലും അവരെ വെട്ടിച്ച് സംഘം ഓടിരക്ഷപ്പെട്ടു.
ഇവർ അഞ്ച് ബാഗുകളിലായി കൊണ്ട് വന്ന കഞ്ചാവ് പിന്നീട് കൊല്ലത്ത് പോലീസും എക്സൈസും കസ്റ്റഡിയിൽ എടുത്തു.
ബാഗിൽനിന്ന് സിം കാർഡ് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തെ ഒരു മൊത്തക്കച്ചവടക്കാരന് വേണ്ടി കഞ്ചാവ് കൊണ്ടുവന്നതെന്ന് വ്യക്തമായി. പക്ഷേ ഇതുവരെയും ആരെയും പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
മധുര-പുനലൂർ പാസഞ്ചറിന്റെ ലഗേജ് വാനിൽ മുട്ടയുടെ മറവിലും കഞ്ചാവ് എത്തുന്നുണ്ട്. ഈ വണ്ടിയിലും കാര്യമായ പരിശോധനകൾ ഇല്ല.