തിരുവനന്തപുരം: നാഗർകോവിലിൽനിന്നു നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ രണ്ട് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിൽനിന്നു ചിറയിൻകീഴിലേക്ക് താമസം മാറ്റിയ നാടോടികളായ നാരായണൻ (50) ഇയാളോടൊപ്പം താമസിക്കുന്ന ശാന്തി (49) എന്നിവരാണ് അറസ്റ്റിലായത്.
നാഗർകോവിലിലെ വടശേരി റെയിൽവേ സ്റ്റേഷനിൽ മാതാവിനോടൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെ ഇരുവരും ചേർന്ന് തട്ടിയെടുത്ത് ട്രെയിൻമാർഗം ചിറയിൻകീഴിലെത്തിക്കുകയായിരുന്നു.
കുഞ്ഞിനെ കാണാതായ വിവരം ബന്ധുക്കൾ വടശേരി പോലീസിൽ അറിയിച്ചു. വടശേരി പോലീസ് റെയിൽവെ പോലീസിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചതിൽനിന്നു പ്രതികൾ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെത്തിയെന്ന് സ്ഥിരീകരിച്ചിരുന്നു.
ചിറയിൻകീഴ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചിറയിൻകീഴ് എസ്എച്ച്ഒ കണ്ണൻ, സിപിഒ ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാരായണനെയും ശാന്തിയെയും കുഞ്ഞിന്റെയൊപ്പം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി ഏഴോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് വടശേരി പോലീസെത്തി പ്രതികളെയും കുഞ്ഞിനെയും നാഗർകോവിലിലേക്ക് കൊണ്ട ് പോയി. കഴിഞ്ഞ ഏഴ് വർഷമായി വലിയകട ജംഗ്ഷനിൽ കുട റിപ്പയറിംഗ് ജോലി ചെയ്ത് വരികയായിരുന്നു നാരായണൻ.