പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ വിവിധ ഓഫീസുകളിലെ വെഹിക്കിൾ സൂപ്പർവൈസർ (വി.എസ്) തസ്തികകൾഒഴിഞ്ഞു കിടക്കുന്നത് പരിഹരിക്കാൻ ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് നിയമനം നടത്തുന്നു.
വിഎസ് തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നല്കുന്നത് ഫീഡർ തസ്തികയായ സ്പെഷൽ ഗ്രേഡ് ഡ്രൈവർമാരെയാണ്. വിഎസ് തസ്തികയിലേക്ക് നിയമിക്കാൻ ആവശ്യമായ സ്പെഷൽ ഗ്രേഡ് ഡ്രൈവർമാരില്ല.
അതിനാൽ സെലക്ഷൻ ഗ്രേഡ് തസ്തികയിലുള്ള ഡ്രൈവർമാർക്ക് ഇരട്ട പ്രമോഷൻ അനുവദിച്ച് വെഹിക്കിൾ സൂപ്പർവൈസറായി നിയമിക്കാനാണ് തീരുമാനം.
ഇതിനുള്ള സമ്മതപത്രം ബന്ധപ്പെട്ട ഡ്രൈവർമാർ 31നകം നല്കണമെന്നാണു നിർദേശം.മുമ്പ് ഇരട്ട പ്രമോഷൻ അനുവദിച്ച് 17 സൂപ്രണ്ടുമാരെ നിയമിച്ചിരുന്നു. സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള ഫീഡർ തസ്തിക,
സീനിയർ അസിസ്റ്റന്റ് തസ്തികയാണ്. ഈ തസ്തികയിൽ നിന്നും സ്ഥാനക്കയറ്റം നല്കി സൂപ്രണ്ടുമാരായി നിയമിക്കാൻ മതിയായ സീനിയർ അസിസ്റ്റന്റുമാരില്ലാത്തതിനാലാണ് സീനിയർ അസിസ്റ്റന്റിന് തൊട്ടു താഴെയുള്ള സ്പെഷൽ അസിസ്റ്റന്റുമാർക്ക് ഇരട്ട സ്ഥാനക്കയറ്റം അനുവദിച്ച് സൂപ്രണ്ടുമാരായി നിയമിക്കുകയായിരുന്നു.
ഗ്രഡേഷൻ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് സൂപ്രണ്ട് നിയമനം പോലെ ഇപ്പോൾ വെഹിക്കിൾ സൂപ്പർവൈസറന്മാരെയും നിയമിക്കുന്നത്.
ഇവരുടെ നിയമനം താത്കാലികമാണെന്നും രണ്ടു വർഷം പ്രബേഷൻ കാലാവധിയാണെന്നും ഉത്തരവിലുണ്ട്. ഇവർക്ക് പ്രമോഷന് അർഹതയില്ലെന്ന് കണ്ടെത്തുകയോ കോടതി വ്യവഹാരങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അതിനനുസൃതമായി നോട്ടീസ് നല്കാതെ തന്നെ തസ്തിക റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ട്.