കാവ്യാ ദേവദേവന്
ഇലവീഴാപൂഞ്ചിറ എന്ന മനോഹരമായ തീരത്തെ പകര്‍ത്തി എന്നതു മാത്രമല്ല മനേഷ് മാധവനെ വ്യത്യസ്തനാക്കുന്നത്. ഇലവീഴാപൂഞ്ചിറ എന്ന സിനിമയിലെ കഥാപാത്രങ്ങളെ പ്രേക്ഷക മനസിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുവെന്നതുകൂടിയാണ്.
തന്റെ ലെന്‍സില്‍ പതിയുന്ന സൂക്ഷ്മാംശുക്കള് തെല്ലും വ്യത്യാസപ്പെടാതെ സ്ക്രീനിലേക്ക് പകര്‍ത്താന്‍ മാനേഷ് മാധവനു സാധിക്കുന്നുവെന്നതു ചെറിയ കാര്യമല്ല.
കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഛായാഗ്രാഹകന്‍ മനേഷ് മാധവനെത്തേടി വീണ്ടുമൊരു സംസ്ഥാന അവാര്‍ഡ് കൂടി എത്തിച്ചേര്‍ന്നു.
2017ൽ ‘ഏദൻ’ എന്ന സിനിമയിലൂടെയായിരുന്നു ആദ്യ പുരസ്കാരം. ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനാണ് മനേഷ് മാധവന് അര്‍ഹനായത്. രണ്ടാം തവണയാണ് മനേഷ് മാധവന് മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് ശോഭയില്‍ തിളങ്ങുന്നത്.
മനേഷ് മാധവന് രാഷ്ട്രദീപികയോട് സംസാരിക്കുന്നു:
അത്യധികം സന്തോഷപ്രദമായ ദിവസങ്ങളില്‍ കൂടിയാണിപ്പോള്‍ കടന്നു പോകുന്നത്. മികച്ച നവാഗത സംവിധായകന്, മികച്ച ശബ്ദരൂപകല്പന, മികച്ച ഛായാഗ്രാഹകന്‍, മികച്ച കളറിസ്റ്റ് എന്നിങ്ങനെ നാലിനങ്ങളിലാണ് ഇലവീഴാ പൂഞ്ചിറ പുരസ്കാരത്തിനര്ഹമായിരിക്കുന്നത്.
ഏറ്റവും വലിയ അഭിമാനവും സന്തോഷവും ഉളവാക്കുന്നതാണിത്. ഒരു ടീമിന്റെ കഠിനാധ്വാനത്തിനുള്ള ഫലമാണ് ഈ വിജയം.
ജോസഫിനു ശേഷം ഞാനും ഷാഹി കബീറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇലവീഴാ പൂഞ്ചിറ. ഈ സുഹൃത്തുക്കള്‍ ഒപ്പമുള്ളതുതന്നെ ഏറ്റവും വലിയ സന്തോഷമാണ്.
ഇലവീഴാപൂഞ്ചിറ എന്നത് കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹില്‍ സ്റ്റേഷനാണ്. മാങ്കുന്നത്ത്, കടയന്നൂര്‍മല, താന്നിപ്പാറ എന്നീ മലനിരകള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടു തന്നെ ഇവിടെ ഷൂട്ട് ചെയ്യുക വളരെ പ്രയാസമേറിയതാണ്. ഇടുക്കി,
കോട്ടയം ജില്ലയുടെ അതിര്‍ത്തികൂടി ആയതിനാല്‍ ഷൂട്ട് ചെയ്യാനുള്ള സാമഗ്രികൾ എത്തിക്കുക എന്നത് വളരെ ദുര്‍ഘടമായിരുന്നു.
എങ്ങനെ ഇവ അങ്ങോട്ടേക്ക് എത്തിക്കും എന്നത് ചോദ്യ ചിഹ്നമായിരുന്നു. ഹില്‍ സ്റ്റേഷന് ആയതുകൊണ്ടുതന്നെ മഴയും, ഇടിമിന്നലും വന്നാല്‍ അത് പ്രതികൂലമായി തന്നെ ബാധിക്കും.
എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറി കടന്ന് ഷൂട്ട് ചെയ്യാന്‍ സാധിച്ചു. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കാണ്. നമ്മളില്‍ അവര്‍ അര്‍പ്പിച്ച വിശ്വാസമാണ് ഇതിന്റെ വിജയം.
ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആര്‍- ല്‍ പുറത്തിറക്കിയ ചിത്രം എന്ന പ്രത്യേകതയും ഇലവീഴാപൂഞ്ചിറയ്ക്കുണ്ട്. മലയാളത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ ഒരു ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
ഇതിനു മുന്‍പായി ധാരാളം ടെസ്റ്റ് ഷൂട്ടുകള്‍ ചെയ്തിരുന്നു. മാസങ്ങളോളം നല്ല രീതിയില്‍ തന്നെ പ്രീ പ്രൊഡക്ഷന്‍ പോയിട്ടുണ്ടായിരുന്നു.
കഥ പറയുന്നതിനു മുന്‍പുതന്നെ ഷാഹി സാര്‍ ഇലവീഴാപൂഞ്ചിറയില്‍ പോവുകയും അവിടത്തെ കാലാവസ്ഥയെ കുറിച്ച് മനസിലാക്കുകയും ചെയ്തു.
കൂടാതെ അദ്ദേഹം കുറച്ച് വീഡിയോകൾ എടുക്കുകയും ചെയ്തിരുന്നു. അവയൊക്കെ പിന്നീട് റഫറന്‍സുകളായി ഉപയോഗിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഹില്‍ ടോപ്പിൽ ലൈറ്റിന്റെ പ്രശ്നം നന്നായിട്ടുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ പല ലെന്‍സുകള്‍ മാറ്റി നോക്കിയിരുന്നു. ചില സമയങ്ങളില്‍ വെളിച്ചം നന്നേ കുറവായിരിക്കും. പ്രത്യേകിച്ച് റൂമില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലൈറ്റ് കുറവാകും.
ഹൈ ഡൈനാമിക് റേഞ്ചില്‍ ആയാല്‍ ഹൈലൈറ്റും ഷാഡോയും കുറയ്ക്കുവാന്‍ സാധിക്കും. അതിനാലാണ് എച്ച്ഡിആര്‍- ല്‍ തന്നെ ചെയ്തത്.
അങ്ങനെയാണ് റോബര്‍ട്ട് ലാങിലേക്ക് എത്തുന്നതും. ലൈറ്റിംഗിന്റെ കാര്യംതന്നെയാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളിയായി തോന്നിയത്.
എപ്പോഴും അത് മാറിമറിഞ്ഞുകൊണ്ടിരിക്കും. ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്നതിനാൽ ഈ സ്ഥലങ്ങളില്‍ കാലാവസ്ഥയ്ക്ക് എന്ത് വ്യത്യാസം ഉണ്ടായാലും അത് ഇലവീഴാപൂഞ്ചിറയിലും ബാധിക്കും.
കഥാപാത്രങ്ങളെ പോലെതന്നെ പ്രാധാന്യം ഇലവീഴാപൂഞ്ചിറയ്ക്കുമുണ്ട്. പലപ്പോഴും ഒന്നു രണ്ട് ഷോട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലൈറ്റിന് വ്യത്യാസം സംഭവിക്കും.
അടിക്കടി മാറുന്ന പ്രകൃതിയുടെ മാറ്റത്തെക്കു റിച്ച് തിരക്കഥയിലും എഴുതിച്ചേര്‍ത്തിട്ടുണ്ടായിരുന്നു. എഴുതാന്‍ എളുപ്പമാണ്, പക്ഷേ ഫ്രെയിമില്‍ കൊണ്ടു വരിക എന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ഒരു ടീം വര്‍ക്ക് കൊണ്ട് അവയെല്ലാം മറികടക്കാന്‍ സാധിച്ചു- മനേഷ് പറഞ്ഞു.
മൂവാറ്റുപുഴ സ്വദേശിയായ മനേഷ് മാധവന് 2009ലാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്നു മുതലുള്ള യാത്ര ഇപ്പോള്‍ ഇവിടെവരെ എത്തിനില്‍ക്കുന്നു.