നിരവധി അത്ഭുതങ്ങളാണ് കടലില്‍ ഒളിച്ചിരിക്കുന്നത്. മനുഷ്യന് കണ്ടതും കാണാത്തതുമായി എത്ര എത്ര അത്ഭുതങ്ങളാണ് കടലില്‍ ഉള്ളത്. എന്നാല്‍ അതുപോലൊരു അത്ഭുത കാഴ്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഹൃദയത്തിന്റെ ആകൃതിയില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലുള്ള ഒരു വിദൂര കടല്‍ത്തീരത്ത് നൂറോളം പൈലറ്റ് തിമിംഗലങ്ങളുടെ കൂട്ടമാണുള്ളത്. അല്ബാനിയില് നിന്ന് 60കിലോമീറ്റര്‍ ദൂരെ ചെയിന്‍ ബീച്ചിന് സമീപമാണ് ഇത്തരത്തില്‍ തിമിംഗലങ്ങള്‍ കൂട്ടമായി ഹൃദയാകൃതിയില്‍ രൂപപ്പെട്ടത്.
ജൂലൈ 25ന് വൈകിട്ട് തിമിംഗലങ്ങളെ ചത്തനിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി അവശേഷിക്കുന്ന ജീവനുള്ള തിമിംഗലങ്ങളെ കടലിലേക്ക് തിരികെ മടങ്ങാന്‍ സഹായിച്ചിരുന്നു.
ഒരു പൈലറ്റ് തിമിംഗലത്തിന്റെ ഭാരം ഏകദേശം 1000കിലോ വരും. 4മീറ്ററോളം നീളവും ഇവയ്ക്ക് ഉണ്ടാകും. എന്നാൽ രക്ഷാപ്രവര്‍ത്തനം നടത്തി കടലിലേക്ക് അയച്ച തിമിംഗലങ്ങള്‍ വീണ്ടും തിരിച്ചെത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തീരത്തേക്ക് വീണ്ടും എത്തുന്നതിന് മുന്‍പ് തിമിംഗലങ്ങള്‍ ഹൃദയാകൃതിയില്‍ ഒത്തുകൂടിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.