സ്വന്തം ലേഖകന്‍
കോഴിക്കോട്: ലഹരിവിമുക്തിയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നു പറയുമ്പോഴും മദ്യനയത്തില്‍ നിഴലിക്കുന്നത് മദ്യം നിര്‍ലോഭം ഒഴുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍.
വിമുക്തി പദ്ധതി നന്നായി നടപ്പിലാക്കുന്ന പഞ്ചായത്തുകളെ മാതൃകാ പഞ്ചായത്തുകളായി പ്രഖ്യാപിക്കുമെന്നതൊഴിച്ചാല് ലഹരിവ്യാപനം കുറയ്ക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ തലത്തില്‍ ഇല്ല.
അതിനിടെയാണ് പൂട്ടിക്കിടക്കുന്ന 250ഓളം വിദേശമദ്യശാലകൾ തുറക്കാനുള്ള തീരുമാനം.ടൂറിസം സീസണിൽ വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്ററന്റുകള്‍ക്ക് ബിയറും വൈനും കള്ളും വിൽപന നടത്താൻ പ്രത്യേക ലൈസൻസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ടൂറിസത്തിന്റെ മറവില്‍ നിര്‍ലോഭം മദ്യമൊഴുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
പൂട്ടിക്കിടന്ന ഔട്ട് ലെറ്റുകള്‍ ഓണത്തിന് മുന്‍പ് തുറക്കുന്നതിനാണ് ഉദേശിക്കുന്നത്. ഇതുവഴി ഓണക്കാലത്ത് വന്‍ വരുമാനം ഖജനാവിലെത്തുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്.
സംസ്ഥാനത്ത് മദ്യവില്പനയില് 2.4 ശതമാനത്തിന്റെ വര്‍ധനയാണ് നിലവിലുള്ളത്. 340 കോടിയുടെ അധികവരുമാനം ജൂലൈ 24 വരെയുള്ള കണക്കുപ്രകാരം സര്‍ക്കാരിന് ലഭിച്ചു.
ഇത് ഇനിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 559 വിദേശ മദ്യ ചില്ലറ വിൽപന ശാലകള്‍ക്ക് അനുമതിയുണ്ടെങ്കിലും നിലവില്‍ 309 ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്.