ന്യൂഡല്‍ഹി: മണിപ്പുരില്‍ സ്ത്രീകളുടെ നഗ്ന വീഡിയോ പകര്‍ത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തിൽ നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
മേയ് നാലിന് കുകി മേഖലയായ കാംഗ്പൊക്പി ജില്ലയിലായിരുന്നു സംഭവം. ഏതാനും യുവാക്കള്‍ ചേര്‍ന്നു രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.
അക്രമം തടയാന്‍ ശ്രമിച്ച സ്ത്രീകളില്‍ ഒരാളുടെ സഹോദനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയായിരുന്നു.
കുകി വിഭാഗക്കാരായ സ്ത്രീകളെ നഗ്നരാക്കി മെയ്തേയ് വിഭാഗത്തില്‍പ്പെട്ട ഒരുസംഘം യുവാക്കള്‍ നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തായതോടെ മണിപ്പുരിലെ ഗോത്രമേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇതോടെ പോലീസ് കേസെടുത്തു. മുഖ്യപ്രതി ഹുയിറെം ഹെരൊദാസ് മെയ്തി (32) അടക്കം ഏഴൂപേരെ സംഭവത്തില്‍ പിടികൂടിയിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
അതിനിടെ, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ഇരയാക്കുകയും ചെയ്ത കേസ് മണിപ്പുരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു.
സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വ്യാഴാഴ്ച രാത്രി സത്യവാംഗ്മൂലം സമര്‍പ്പിച്ചത്. മണിപ്പുരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്നും സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാംഗ്മൂലത്തില്‍ പറയുന്നു.
മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ഏഴാംദിനവും ബഹളം തുടര്‍ന്നേക്കും. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ നല്കിയ ‘ഇന്ത്യ’ നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു.
പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. എന്നാല്‍ പ്രധാനമന്ത്രി സംസാരിച്ചതിന് ശേഷം മാത്രം അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച മതിയെന്നാണ് പ്രതിപക്ഷ നിലപാട്. ശനി, ഞായര്‍ ദിവസങ്ങളിലായി പ്രതിപക്ഷ സഖ്യത്തിലെ എംപിമാര്‍ മണിപ്പുര്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്.
ഇതിനിടെ കുകി-മെയ്തേയ് വിഭാഗം പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി. സര്‍ക്കാരുമായുള്ള സസ്പെന്ഷന് ഓഫ് ഓപ്പറേഷന് കരാര്‍ പ്രകാരം മുന്‍ ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്രയാണ് ചര്‍ച്ച നടത്തിയത്.
എന്നാല്‍ മണിപ്പുരില്‍ കലാപം അവസാനിച്ചിട്ടില്ല. പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ ചുരാചന്ദ്പുര്‍ ജില്ലയിലെ തോര്‍ബംഗ് മേഖലകളില്‍ കഴിഞ്ഞദിവസം കനത്ത വെടിവയ്പ്പ് നടന്നതായാണ് വിവരം.