കാട്ടാക്കട : വിവാദമായ മാറനല്ലൂർ ആസിഡ് ആക്രമണത്തിൽ സിപിഐ ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയ പശ്ചാത്തലത്തിൽ വിഷയം അന്വേഷിക്കാൻ കമ്മീഷനെ വച്ചു.
റിപ്പോർട്ട് കിട്ടിയാലുടൻ ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്ത് നടപടിയെടുക്കുമെന്നും സിപിഐ പറയുന്നു. ആത്മഹത്യ ചെയ്ത സജി കുമാർ ഉന്നയിച്ച ആരോപണങ്ങളടക്കം പരിശോധിക്കാനാണ് തീരുമാനം.
മാറനല്ലൂരിലെ സിപിഐ നേതാവിനു നേരെയുണ്ടായ ആസിഡ് ആക്രമണവും തുടർന്ന് സിപിഐക്കാരൻ കൂടിയായ പ്രതി സജികുമാറിന്റെ ആത്മഹത്യയും ജില്ലയിലെ സിപിഐയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പാർട്ടിയുടെ നിയന്ത്രണത്തിലള്ള സഹകരണ സംഘത്തിൽ കുറേ നാളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നമാണ് ഒടുവിൽ ആസിഡ് ആക്രമണത്തിലെത്തിയത്.
ആസിഡ് ആക്രമണത്തിന് ഇരയായ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധീർഖാനും ആക്രമണം നടത്തിയ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സജികുമാറുമായുള്ള പ്രശ്നം പരിഹരിക്കാൻ ജില്ലാ നേതൃത്വം ചുമതലപ്പെടുത്തിയിരുന്നത് ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ഭാസുരാംഗനെ ആയിരുന്നു.
ആ ഭാസുരാംഗനെതിരെയാണ് സജി കുമാർ ആത്മഹത്യാകുറിപ്പിൽ ആരോപണം ഉന്നയിച്ചത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച് നടപടിയെടുക്കാനാണ് സിപിഐ സംസ്ഥാന നേതൃത്വം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഇതിൻറെ അടിസ്ഥാനത്തിലാണ് കാട്ടാക്കട മണ്ഡലം സെക്രട്ടറിയെയും അസിസ്റ്റൻറ് സെക്രട്ടറിയെയും അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
ഭാസുരാംഗനെതിരെ ഉയർന്ന ആരോപണം ഉൾപ്പടെ പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ഭാസുരാംഗൻ ഇടപെട്ട് സുധീർ ഖാനും സജികുമാറുമായുള്ള പ്രശ്നം പരിഹരിച്ചിരുന്നു എന്നാണ് ജില്ലാ നേതൃത്വം കരുതിയിരുന്നതെന്നും സിപിഐ വിലയിരുത്തുന്നു.
രണ്ടു ദിവസത്തിനകം ജില്ലാ എക്സിക്യൂട്ടീവ് വിളിച്ചു ചേർക്കാനാണ് ആലോചന. യോഗത്തിൽ വിവാദ വിഷയങ്ങളിൽ വിശദമായ ചർച്ചയുണ്ടാകും.
അതിനിടെ ഭാസുരാംഗൻ പ്രസിഡന്റായ കണ്ടല ബാങ്കിനെതിരെ നിക്ഷേപകർ നടത്തുന്ന സമരവും പാർട്ടി ചർച്ചചെയ്യുമെന്നാണ് വിവരം.
ഇന്നലെയും നിക്ഷേപകരുടെ സമരം ബാങ്കിനു മുന്നിൽ നടന്നിരുന്നു. ഒടുവിൽ കാട്ടാക്കട ഡിവൈഎസ്പി യുടെ സാന്നിധ്യത്തിലാണ് സമരം തീർന്നത്.
ഭാസുരാംഗനെതിരെ നിരന്തരമായി നടക്കുന്ന സമരം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇവിടെ പാർട്ടി രണ്ടു തട്ടിലാണ്.
സജികുമാറിന്റെ ആത്മഹത്യയ്ക്കും ആസിഡ് ആക്രമണത്തിനു പിന്നിലും പ്രവർത്തിച്ചത് പാർട്ടിയിലെ വിഭാഗതീയതയാണെന്ന് ആക്ഷേപവും വന്നിട്ടുണ്ട്.