തൃശൂർ: തൃശൂര്‍ നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ ഉടമയായ ഡോക്ടർ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്കും നഴ്സുമാര്‍ ഡോക്ടറെ മര്‍ദിച്ചു എന്നാരോപിച്ച് സ്വകാര്യ ആശുപത്രികളുടെ കരിദിനാചരണവും തുടങ്ങി.
കാഷ്വാലിറ്റി, അടിയന്തര ശസ്ത്രക്രിയകൾ തുടങ്ങിയ അത്യാവശ്യ സേനവങ്ങള്‍ക്ക് തടസമില്ല.ഇന്നലെയാണ് നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമ മര്‍ദിച്ചതായി ആരോപണമുയർന്നത്.
ആശുപത്രി ഉടമ ഡോ. അലോകിനെ അറസ്റ്റു ചെയ്യണമെന്നാണ് നഴ്സ് സംഘടനയായ യുഎന്‍എയുടെ പ്രധാന ആവശ്യം.അതേസമയം, ഡോ. അലോകിനെ നഴ്സുമാര്‍ മര്‍ദിച്ചുവെന്നാരോപിച്ച് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്.
നൈല്‍ ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമരത്തിലാണ്. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതാണ് പ്രധാന കാരണം.
വേതന വര്‍ധനയാണ് മറ്റൊരു ആവശ്യം. സമരം നീണ്ടുപോയതോടെ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടന്നു.
ഒടുവില്‍ ഇന്നലെ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി എംഡി ഡോ. അലോക് മര്‍ദിച്ചെന്നാണ് നഴ്സുമാരുടെ ആരോപണം.ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നെയും ഭാര്യയെയും നഴ്സുമാര്‍ ആക്രമിച്ചെന്ന് ഡോ. അലോക് പറയുന്നു.
കൈയ്ക്കു പരിക്കേറ്റ ഡോ. അലോകും ഭാര്യയും വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുകൂട്ടരുടെയും പരാതിയിന്മേല് തൃശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.