ക്വലാലംപുർ (മലേഷ്യ): ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ കളിക്കുന്നത് സ്വപ്നം കാണുന്നവർക്കു സന്തോഷ വാർത്ത. 2026 ലോകകപ്പ് യോഗ്യതയിൽ ഇന്ത്യ എളുപ്പവഴിയിൽ.
ഫിഫ 2026 ലോകകപ്പ്, 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. നിലവിൽ ഫിഫ 99-ാം റാങ്കുകാരായ ഇന്ത്യക്ക് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്യാൻ സാധിച്ചാൽ ഫിഫ ലോകകപ്പ് യോഗ്യതാ നാലാം റൗണ്ടിലേക്കു മുന്നേറാം.
ക്വലാലംപുരിലുള്ള എഎഫ്സി ആസ്ഥാനത്തായിരുന്നു ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ട്, ഏഷ്യൻ കപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ്. ഫിഫ റാങ്കിംഗിൽ ആദ്യ നൂറിനുള്ളിലായതിനാൽ പോട്ട് രണ്ടിലായിരുന്നു ഇന്ത്യ.
ഇന്ത്യയുടെ ഗ്രൂപ്പ്
ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ/മംഗോളിയ ടീമുകളാണ് 2026 ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പമുള്ളത്. ഇതിൽ ഖത്തർ (59) മാത്രമാണു റാങ്കിംഗിൽ ഇന്ത്യക്കു മുകളിലുള്ളത്. കുവൈറ്റ് 137-ാം റാങ്കിലും അഫ്ഗാനിസ്ഥാൻ 157-ാം റാങ്കിലുമാണ്.
183-ാം റാങ്കുകാരായ മംഗോളിയയെ കീഴടക്കി അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് എയിലേക്ക് എത്തുമെന്നാണു കരുതപ്പെടുന്നത്. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യക്ക് നാലാം റൗണ്ട് യോഗ്യതാ റൗണ്ടിലേക്കു മുന്നേറാം.
നവംബർ 16ന് കുവൈറ്റിനെതിരേയാണു ഗ്രൂപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. സാഫ് ചാന്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലുമായി രണ്ടു തവണ കുവൈറ്റുമായി ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. രണ്ടിലും നിശ്ചിത സമയത്ത് 1-1 സമനിലയായിരുന്നു. എന്നാൽ, ഫൈനലിൽ പെനാൽറ്റിയിലൂടെ ഇന്ത്യ ജയം നേടി.
2022 ലോകകപ്പ്, ഏഷ്യ കപ്പ് യോഗ്യതാ റൗണ്ടിലും ഇന്ത്യയും ഖത്തറും ഒന്നിച്ചായിരുന്നു. ഇരു ടീമും അന്ന് ഏറ്റുമുട്ടിയപ്പോൾ ആദ്യ മത്സരം സമനിലയിലും രണ്ടാം മത്സരം ഖത്തറിന്റെ ജയത്തിലും കലാശിച്ചു.
ലോകകപ്പ് യോഗ്യത ഇങ്ങനെ
ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയിലേക്കുള്ള വഴി ഇങ്ങനെ: ലോകകപ്പ് യോഗ്യതാ മൂന്നാം റൗണ്ടിൽ ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്ത് നാലാം റൗണ്ടിനു യോഗ്യത നേടണം. ഗ്രൂപ്പ് എയിൽ ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതോടെ 2027 ഏഷ്യൻ കപ്പിനും യോഗ്യത ലഭിക്കും.
ലോകകപ്പ് യോഗ്യതാ മൂന്നാം റൗണ്ടിലെ ഒന്പത് ഗ്രൂപ്പിൽനിന്നായി ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന 18 ടീമുകൾ യോഗ്യതാ നാലാം റൗണ്ടിൽ ഇടം നേടും. നാലാം റൗണ്ടിലെ 18 ടീമുകളെ ആറെണ്ണം വീതമുള്ള മൂന്നു ഗ്രൂപ്പായി തിരിക്കും. മൂന്നു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടും. ഹോം എവേ രീതിയിലാണു മത്സരങ്ങൾ.
ഇതിനിടെ ഇന്ത്യ 2023 ഏഷ്യൻ ഗെയിംസ് ഫുട്ബോളിലും പങ്കെടുക്കും. സമീപ നാളിലെ ഫോം പരിഗണിച്ചാണു സ്പോർട്സ് മന്ത്രാലയം പച്ചക്കൊടി കാണിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പുരുഷ-വനിതാ ഫുട്ബോൾ ടീം കളിക്കും.