സിംഗപ്പുർ: ഇരുപതു വർഷത്തിനുശേഷം സിംഗപ്പുരിൽ വനിതയെ വധശിക്ഷയ്ക്കു വിധേയയാക്കി. 30 ഗ്രാം ഹെറോയിൻ മയക്കുമരുന്നുമായി 2018ൽ പിടിയിലായ ശ്രീദേവി ബിൻഡെ ജമാനി എന്ന നാല്പത്തഞ്ചുകാരിയെയാണ് ഇന്നലെ തൂക്കിലേറ്റിയത്.
വധശിക്ഷ നടപ്പാക്കരുതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ല. മയക്കുമരുന്ന് കുറ്റങ്ങൾക്കു വധശിക്ഷ നല്കുന്ന സിംഗപ്പുർ സർക്കാരിനെതിരേ വിമർശനം ശക്തമായിട്ടുണ്ട്.
2022 മാർച്ചിനുശേഷം വിദേശികളടക്കം 15 പേരാണ് മയക്കുമരുന്ന് കുറ്റങ്ങൾക്കു തൂക്കിലേറ്റപ്പെട്ടത്. 50 ഗ്രാം ഹെറോയിനുമായി പിടിയിലായ അന്പത്തേഴുകാരന്റെ വധശിക്ഷ നടപ്പാക്കിയത് ബുധനാഴ്ചയാണ്. ഇതിനു മുന്പ് സിംഗപ്പുരിൽ വനിതയെ വധശിക്ഷയ്ക്കു വിധേയമാക്കിയത് 2004ലാണ്.