കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു ദേശീയപാതയുടെ ഭാഗമായ കർണാടകയിലെ മൈസൂരു-ബംഗളൂരു എക്സ്പ്രസ്വേയിലെ അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുമായി കർണാടക പോലീസ്.
എക്സ്പ്രസ് വേയിൽ വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കാനായി നിയമം ലംഘിക്കുന്നവരിൽനിന്ന് ഫാസ്ടാഗിലൂടെ പിഴ ഈടാക്കും.
അപകടമുണ്ടായാൽ അടിയന്തര സഹായത്തിനായി എക്സ്പ്രസ്വേയിൽ നാഷണൽ ഹൈവേ അഥോറിറ്റി എസ്ഒഎസ് ബോക്സുകൾ സ്ഥാപിക്കുകയും ചെയ്തു.
നിയമം ലംഘിക്കുന്നവരിൽനിന്ന് ഫാസ്ടാഗ് മുഖേനെ അപ്പപ്പോൾതന്നെ പിഴ ഈടാക്കുന്ന സാഹചര്യമുണ്ടായാൽ അമിതവേഗത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
ഹൈവേ അഥോറിറ്റി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച എസ്ഒഎസ് ബോക്സുകളിലൂടെ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായമഭ്യർഥിക്കാൻ കഴിയും.
ബോക്സിലെ എമർജൻസി എന്ന സ്വിച്ച് അമർത്തിയാൽ ഉടനടി മൈസൂരുവിലെ കണ്ട്രോൾ റൂമിൽ സന്ദേശമെത്തും. ഇതോടൊപ്പംതന്നെ എസ്ഒഎസ് ബോക്സിനു തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്കും ആംബുലൻസ് സർവീസിനും വിവരങ്ങൾ ലഭ്യമാകും.
അപകടങ്ങളിൽപെട്ടവർക്ക് ഉടനടി സഹായം ലഭ്യമാക്കുകയാണ് ഉദേശം.ഫാസ്ടാഗിലൂടെ ലഭിക്കുന്ന വരുമാനം നാഷണൽ ഹൈവേ അഥോറിറ്റിയുടെ അക്കൗണ്ടിലേക്കാണ് പോകുക.
എന്നാൽ നിയമലംഘനത്തിനുള്ള പിഴ കർണാടക സർക്കാരിനാണ് ലഭിക്കേണ്ടത്. ഇക്കാര്യത്തിൽ വ്യക്തത വന്നാൽ കർണാടക പോലീസിന്റെ ശിപാർശ നാഷണൽ ഹൈവേ അഥോറിറ്റി അംഗീകരിച്ചേക്കുമെന്നാണ് സൂചന.
അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നുമുതൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കുംട്രാക്ടറുകൾക്കും ഹൈഡ്രോളിക് ട്രോളി ട്രെയിലറുകൾക്കും എക്സ്പ്രസ്വേയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്ക് എക്സ്പ്രസ് വേയുടെ സമീപത്തുള്ള സർവീസ് റോഡിലൂടെ സഞ്ചരിക്കാം.
കർണാടകയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് മൈസൂരു-ബംഗളൂരു എക്സ്പ്രസ്്വേയിലാണ്. 100 കിലോമീറ്ററിലേറെ വേഗതയിൽ ചീറിപ്പായാൻ കഴിയുന്ന എക്സപ്രസ്വേയിൽ മലയാളികളടക്കം നിരവധി യാത്രക്കാരുടെ ജീവനുകളാണ് പൊലിഞ്ഞത്.