കൊച്ചി: ആലുവയില്‍ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിക്ക് പൂജാകര്‍മങ്ങള്‍ നടത്തിയത് ചാലക്കുടിയില്‍ നിന്നെത്തിയ ഓട്ടോ ഡ്രൈവര്‍ കൂടിയായ രേവത് ബാബു.
പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ ആരും തയാറാകാതിരുന്നതോടെയാണ് രേവത് കര്‍മം ചെയ്യാന്‍ സ്വയം മുന്നോട്ടുവന്നത്. അതേസമയം കീഴ്മാട് ഗ്രാമപഞ്ചായത്തിലടക്കം അന്ത്യകര്‍മങ്ങള്‍ക്കായി പൂജാരിമാരെ തെരഞ്ഞെങ്കിലും ആരും വരാന്‍ തയാറായില്ലെന്ന ആക്ഷേപവുമുണ്ട്.
കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് ഇന്നലെ ആലുവയിലെത്തിയ രേവത് കുട്ടിയെ ഒരുനോക്ക് കണ്ട് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങാനാണ് ആഗ്രഹിച്ചത്.
എന്നാല്‍ പൂജാകര്‍മങ്ങള്‍ക്ക് ആളില്ലാതെ വന്നതോടെ മുന്നിട്ടിറങ്ങുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍കൂടിയായ രേവതിന് പൂജാകര്‍മങ്ങൾ അറിയാം.
കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി ഓട്ടോ സര്‍വീസ് നടത്തുന്നതിലൂടെ ചാലക്കുടിക്കാര്‍ക്കും തൃശൂരുകാര്‍ക്കും ഇയാള്‍ സുപരിചിതനാണ്.
തൃശൂര്‍ മെഡിക്കല്‍ കോളജിലും മറ്റും കൂട്ടിന് ആളുകള്‍ ഇല്ലാതെ വരുമ്പോള്‍ അവര്‍ക്കായി സമയവും നീക്കിവയ്ക്കാറുണ്ട്. പ്രത്യേക സാഹചര്യത്തില്‍ മുന്നിട്ടിറങ്ങിയ രേവതിനെ അന്‍വര്‍ സാദത്ത് എംഎല്‍എയും കീഴ്മാട് പഞ്ചായത്ത് അംഗങ്ങളും അഭിനന്ദിച്ചു.
സംസ്കാരത്തില്‍ വിവാദവും: വസ്തുത മനസിലാക്കാതെയുള്ള ആരോപണമെന്ന്
ആലുവ: അഞ്ചു വയസുകാരിയുടെ സംസ്കാര ചടങ്ങില്‍ പൂജാരിമാര്‍ വിളിച്ചിട്ട് വന്നില്ലെന്ന ആക്ഷേപം വിവാദത്തില്‍. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ അന്ത്യകര്‍മങ്ങള്‍ ഇല്ലാതെയും ദഹിപ്പിക്കാതെയും വീട്ടുമുറ്റത്തോ ശ്മശാനത്തിലോ സംസ്കരിക്കുകയാണ് ആചാരം. ഇത് മനസിലാക്കാതെ ചടങ്ങ് നടത്തിയ ശേഷം പൂജാരിമാരെ അധിക്ഷേപിച്ചെന്നാണ് ആരോപണം.
‘ഹിന്ദിക്കാരുടെ കുട്ടി അല്ലേ ’എന്ന് പറഞ്ഞു ഒഴിഞ്ഞു എന്ന ആലുവ എംഎല്‍എ യുടെ അഭിപ്രായം ആണ് വിവാദത്തിന് തിരികൊളുത്തിയത്.
നൂറു കണക്കിന് ബലിതര്‍പ്പണം ദിനംപ്രതി നടക്കുന്ന പെരിയാറിന് തീരത്തെ ആലുവ ശിവരാത്രി മണപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലും പൂജാരിമാര്‍ ലഭ്യമായിരുന്നു. വിവിധ സമുദായ സംഘടനകളെ കേന്ദ്രീകരിച്ചും ആലുവയില്‍ മരണാനന്തര ക്രിയ ചെയ്യുന്നവരുണ്ട്.
അവരുടെ അഭിപ്രായങ്ങള്‍ തേടാതെ കര്‍മങ്ങള്‍ നടത്തിയ ശേഷം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. ഒരു വിഭാഗത്തെ മോശക്കാരാക്കുന്നുവെന്നാണ് ആക്ഷേപം.