കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കേരള പോലീസ്.
പരാതി ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ചിരുന്നു. കുഞ്ഞിനെ ജീവനോടെ എത്തിക്കുക തന്നെയായിരുന്നു ലക്ഷ്യം. അതിന് കഴിഞ്ഞില്ലെന്നും മാപ്പറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റായി പോലീസ് കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കണ്ണീര്പ്പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പരാതി ലഭിക്കുന്നതു മുതല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണത്തിലായിരുന്നു.
ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരമാവധി വേഗത്തില്‍ പ്രതിയെ തിരിച്ചറിയാനായി.
രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്ക്കരികിലെത്തിക്കാന് ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങള്‍ പങ്കുവച്ചിരിക്കുന്നത്’.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനുപിന്നാലെയാണ് ‘മകളേ മാപ്പ്’ എന്ന കുറിപ്പോടെ പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതോടെ പോലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി നിരവധി പേര് രംഗത്തെത്തിയിരുന്നു.
https://www.facebook.com/keralapolice