നിയാമി: നൈജറിൽ തടവിലാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ മോചിപ്പിക്കാൻ മുൻ കൊളോണിയൽ ഭരണാധികാരികളായ ഫ്രാൻസ് ഇടപെട്ടേക്കുമെന്നു പട്ടാള ഭരണകൂടം ആരോപിച്ചു. ഇത്തരമൊരു നീക്കം രക്തച്ചൊരിച്ചിലിലും അരാജകത്വത്തിലുമായിരിക്കും കലാശിക്കുകയെന്നു മുന്നറിയിപ്പും നല്കി.
കഴിഞ്ഞ ബുധനാഴ്ചയാണു പ്രസിഡൻഷ്യൽ ഗാർഡുകൾ പ്രസിഡന്റ് ബാസൂമിനെ തടവിലാക്കി ഭരണം പിടിച്ചെടുത്തത്. പ്രസിഡൻഷ്യൽ ഗാർഡുകളുടെ തലവൻ ജനറൽ അബ്ദുറഹ്മാൻ ചിയാനി രാജ്യത്തിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രസിഡന്റ് ബാസൂമിന്റെ വിശ്വസ്തരാണു ഫ്രാൻസിനെക്കൊണ്ട് സൈനിക ഇടപെടലിനു ശ്രമിക്കുന്നതെന്ന് പട്ടാള ഭരണകൂടം ആരോപിച്ചു. ബാസൂം തടവിലാക്കപ്പെട്ടതിനു പിന്നാലെ ആക്ടിംഗ് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വിദേശകാര്യമന്ത്രി ഹസോമി മസോദുവാണ് ഇതിനുള്ള ഉത്തരവിൽ ഒപ്പുവച്ചതത്രേ.
അതേസമയം, പ്രസിഡന്റ് ബാസൂമുമായി അടുത്ത ബന്ധം പുലർത്തുന്ന ഫ്രാൻസ്, സൈനിക ഇടപെടലിനു താത്പര്യമുള്ളതായി ഇതുവരെ പറഞ്ഞിട്ടില്ല. ഇതിനിടെ, നൈജർ ഉൾപ്പെടുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഇക്കോവാസ്’ പട്ടാളഭരണകൂടത്തിനു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
പ്രസിഡന്റ് ബാസൂമിനെ ഒരാഴ്ചയ്ക്കകം ഭരണത്തിൽ തിരികെ പ്രതിഷ്ഠിച്ചില്ലെങ്കിൽ സൈനികനടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്. സാന്പത്തിക ഉപരോധങ്ങളും ചുമത്തിയിട്ടുണ്ട്.
ലോകത്തിലെ അതിദരിദ്ര രാജ്യങ്ങളിലൊന്നായ നൈജറിന് ഉപരോധം താങ്ങാവുന്നതിലപ്പുറമായിരിക്കും. യുഎസും യൂറോപ്യൻ യൂണിയനും നൈജറിനുള്ള സഹായം റദ്ദാക്കിയിട്ടുണ്ട്.