സൗന്ദര്യം കൂട്ടി യൗവ്വനം നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്ത് നിരവധി വഴികളാണ് ഉള്ളത്. സൗന്ദര്യ വര്‍ധക ക്രീമുകൾക്കും മറ്റ് ഉല്പന്നങ്ങള്ക്കും പുറമെ ശസ്ത്രക്രിയകളും ഇപ്പോള്‍ ആളുകള്‍ സ്വീകരിക്കാറുണ്ട്. സൗന്ദര്യ സംരക്ഷണത്തില്‍ അതീവ ശ്രദ്ധാലുക്കളായ സ്ത്രീകള്‍ ഇതിനായി എത്ര പണം വേണമെങ്കിലും ചെലവാക്കാനും തയാറാണ്. എന്നാല്‍ സൗന്ദര്യം വര്‍ധിപ്പിക്കുവാന്‍ വേണ്ടി സ്വന്തം വീട് വിറ്റിരിക്കുകയാണ് അമേരിക്കയില്‍ ഒരു അന്‍പത് വയസുകാരി.
ഫേസ്ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് തന്റെ മൂന്ന് മുറിയുള്ള വീടാണ് അവര്‍ വിറ്റത്. ഇതിനുശേഷം ഒരു വാനിലാണ് ഇപ്പോള്‍ താമസം. വാനില്‍ രാജ്യം മുഴുവന്‍ ചുറ്റി കാണാനുള്ള ശ്രമത്തിലാണ് അവര്‍. എന്നാല്‍ തന്റെ ഈ തീരുമാനത്തില്‍ അവര്‍ ഖേദിക്കുന്നില്ലെന്ന് മാത്രമല്ല തന്റെ സൗന്ദര്യം വര്‍ധിച്ചതില്‍ അവര്‍ വളരെ സന്തോഷത്തിലുമാണ്.
തന്റെ മുഖത്തിന്റെ സൗന്ദര്യത്തിന് മങ്ങലേറ്റന്ന് ശ്രദ്ധയില്‍പ്പെട്ട കെല്ലി ബിസ്ലി 11 ലക്ഷം രൂപയ്ക്കാണ് ഫെയ്സ്ലിഫ്റ്റ് ശസ്ത്രക്രിയ നടത്തിയത്. ബോട്ടോക്സ് ട്രീറ്റ്മെന്റ് നടത്തിയതിന് ശേഷവും മുഖത്ത് പ്രകടമായ മാറ്റങ്ങളൊന്നും കാണാത്ത സാഹചര്യത്തിലാണ് അവര്‍ അന്‍പതാം വയസില്‍ ഫെയ്സ്ലിഫ്റ്റ് ട്രീറ്റ്മെന്റ് നടത്തിയത്.
ഒരു ബ്ലോഗര്‍ കൂടിയായ ഇവര്‍ മെക്സികോയിലേക്ക് പോയാണ് ശസ്ത്രക്രിയ നടത്തിയത്. കാലില്‍ നിന്നും കൊഴുപ്പെടുത്ത് ചുണ്ടിലും മുഖത്തും കയറ്റിയായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്.
ശസ്ത്രക്രിയ എളുപ്പമായിരുന്നെന്നും ഇപ്പോള്‍ പൂര്‍ണമായും സുഖം പ്രാപിച്ചെന്നും താന്‍ മെച്ചപ്പെട്ടതായും അവര്‍ പറഞ്ഞു. ചെറുപ്പമായി കാണണമെന്നായിരുന്നു ആഗ്രഹം. ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ഫലം. എനിക്ക് എന്റെ രൂപം ഇഷ്ടപ്പെട്ടെന്നും ബിസ്ലി പറഞ്ഞു. എന്നാൽ തന്റെ ഈ അനുഭവത്തിലൂടെ പ്ലാസ്റ്റിക് സര്‍ജറിയെ ചുറ്റിപ്പറ്റിയുള്ള തെറ്റ് ധാരണകള്‍ മാറുമെന്ന വിശ്വാസത്തിലാണ് ബിസ്ലി.