കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കകം മുനന്പിലെ പാറമ്മൽ ഹൗസിൽ പ്രഭാകരന്റെ മകൻ സി. സുമോദിനെ (35) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.
കുറ്റിക്കകം സ്വദേശി അസീബിനെ (36) യാണ് എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടൻ അറസ്റ്റ് ചെയ്തത്.
മുനന്പിനു സമീപമുള്ള തെങ്ങിൻതോപ്പിൽ സുമോദിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് എടക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുക്കുകയും ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കൊല്ലപ്പെട്ട സുമോദിന്റെ താടിയെല്ലും വാരിയെല്ലും തകർന്ന നിലയിലായിരുന്നുവെന്നും ശരീരത്തിനുള്ളിൽ രക്തം വാർന്ന് ശ്വാസകോശത്തിൽ കെട്ടിക്കിടന്നതാണ് മരണ കാരണമെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
യുവാവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോൾ തന്നെ സംശയം തോന്നിയ എടക്കാട് പോലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അപ്പോൾ മുതൽ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് പ്രതിയുടെ മൊഴി ഇങ്ങനെ; കൊലപാതകം നടന്നതിന്റെ വൈകുന്നേരം മരിച്ച സുമോദ് പ്രതി അസീബ് താമസിക്കുന്ന നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നു.
പ്രതിയുടെ ഉപ്പയുടെ സ്വത്ത് വില്പന നടത്തിയ സംബന്ധിച്ച തർക്കം ഇരുവരും തമ്മിലുണ്ടായിരുന്നു. പുലർച്ചെ മൂന്നോടെ അസീബ് കടലിൽ മത്സ്യബന്ധനത്തിന് പോവുകയും അഞ്ചോടെ തിരികെയെത്തി വീടിനുള്ളിൽ കിടക്കുകയും ചെയ്തു.
ഈ സമയത്ത് സുമോദ് കന്പിപ്പാരയുമായി എത്തുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.വാതിൽ പൊളിയുമെന്ന അവസ്ഥയിലെത്തിയപ്പോൾ അസീബ് വാതിൽ തുറക്കുകയും മരിച്ച സുമോദ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഒഴിഞ്ഞുമാറിയ അസീബ് സമീപത്ത് കിടന്ന മുളവടികൊണ്ട് സുമോദിനെ അടിച്ചിടുകയായിരുന്നു. അടിയേറ്റ സുമോദ് മരണപ്പെടുകയും ചെയ്തു. ഉടൻ തന്നെ മൃതദേഹം ചാക്കിലാക്കി മുനമ്പ് കടപ്പുറത്തിന് സമീപമുള്ള തെങ്ങിൻ തോപ്പിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.