തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീർ ഹൈന്ദവ വിശ്വാസത്തെ അപമാനിച്ചുവെന്നാരോപിച്ച് എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് നാമജപ ഘോഷയാത്ര നടത്തും. താലൂക്ക് യൂണിയൻ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര.
ഇന്ന് വൈകുന്നേരം 5ന് തിരുവനന്തപുരം പാളയം ഗണപതിക്ഷേത്രത്തിന് മുൻപിൽനിന്നും ആരംഭിച്ച് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ സമാപിക്കുന്നവിധത്തിലാണ് നാമജപഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
വിശ്വാസ സംരക്ഷണദിനമായി ആചരിക്കുന്ന ഇന്ന് വൈകുന്നേരം നടത്തുന്ന നാമജപഘോഷയാത്രയിൽപരമാവധി കരയോഗവനിതാ സമാജ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
വൈകുന്നേരം നടക്കുന്ന നാമജപ ഘോഷ യാത്രയുടെ ഉത്ഘാടനം എൻ എസ് എസ് സംസ്ഥാന വൈസ് പ്രസിഡൻഎം. സംഗീത് കുമാർ നിർവഹിക്കും.
രാവിലെ ചങ്ങനാശേരി വാഴപ്പള്ളി ക്ഷേത്രത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രാർഥനയും വഴിപാടും നടത്തിയാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്.
ഗണപതിയെ സംബന്ധിച്ച് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പരാമർശത്തിനെതിരേ ശബരിമല യുവതി പ്രവേശന വിഷയത്തിന് സമാനമായ രീതിയിൽ സമരത്തെ മാറ്റാനാണ് എൻഎസ്എസ് തീരുമാനം.
അതേസമയം വിവാദങ്ങൾക്കിടെ സ്പീക്കർ എ.എൻ.ഷംസീർ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ഏഴിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ടാണ് സ്പീക്കർ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നതെങ്കിലും ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങളോടു പ്രതികരിക്കാൻ സാധ്യതയുണ്ട്.