കോഴിക്കോട്: സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം. തോമസ് ആരോപണവിധേയനായ പോക്സോ അട്ടിമറിക്കേസിൽ വൻ ഗൂഢാലോചന നടന്നതായുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് അടക്കമുള്ളവരാണ് കേസ് അട്ടിമറിക്കാനായി നടത്തിയ ആസൂത്രിതമായ ഗൂഡാലോചനയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ”വിച്ചി’ എന്നു ഓമനപ്പേരുള്ള ഒരാളാണ്. ചെറുവാടി സ്വദേശിയായ സിദീഖ് എന്ന പ്രവാസി വ്യവസായിയുടെ പേരാണ് വിച്ചി.
പക്ഷേ പോലീസിനെ സ്വാധീനിച്ച് നടത്തിയ അട്ടിമറിയിലൂടെ മലപ്പുറം വേങ്ങര കണ്ണഞ്ചേരി മുഹമ്മദ് മുസ്തഫ (മാനു-45) എന്നയാളായി പ്രതി. യഥാർഥ പ്രതിയെ മാറ്റി മറ്റൊരാളെ പ്രതിയാക്കാൻ വൻ ചരടുവലികളാണ് നടന്നത്.
തെളിവുനശിപ്പിക്കാനായി, അഭിഭാഷകന്റെ നിർദേശ പ്രകാരം പീഡനം നടന്ന കെട്ടിടം ഇടിച്ചുപൊളിച്ചു കളയുകയും ചെയ്തു. അതുകൊണ്ട് തെളിവെടുപ്പിൽ പെണ്‍കുട്ടിക്ക് സ്ഥലം തിരിച്ചറിയാൻ കഴിഞ്ഞില്ല -തുടങ്ങിയ ഗൗരവമേറിയ ആരോപണങ്ങളാണ് പെണ്‍കുട്ടിയുടെ മാതാവ് ഉന്നയിച്ചിരിക്കുന്നത്.
വ്യവസായിയുടെ പേര് പുറത്തു പറയാതിരിക്കാനായി വീടും സ്ഥലവും മാസംതോറും പണവുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാർക്ക് പ്രതികൾ വാഗ്ദാനം ചെയ്തത്. അതൊന്നും പിന്നീട് പാലിച്ചില്ല.
വിച്ചി എന്നയാൾ മുഹമ്മദ് മുസ്തഫയല്ല എന്ന് പോലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടും അവർ അക്കാര്യം ചെവിക്കൊണ്ടില്ല- കേസിലെ ഒന്നാംപ്രതികൂടിയായ മാതാവിന്റെ ആരോപണങ്ങൾ ആസൂത്രിതമായ ഗൂഡാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതിനിടെ യഥാർഥ പ്രതിയെ രക്ഷിക്കാൻ തന്നെ കരുവാക്കുകയായിരുന്നുവെന്ന ആരോപണവുമായി മുഹമ്മദ് മുസ്തഫയും രംഗത്തെത്തിയതോടെ കേസിൽ ജോർജ് എം. തോമസിനെതിരായ കുരുക്ക് കൂടുതൽ മുറുകി.
പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിനെ തുടർന്ന് ജോർജ് എം. തോമസിനെ സിപിഎം പുറത്താക്കിയിട്ടുണ്ട്.
2008 ഒക്ടോബറിൽ മുക്കം പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് അട്ടിമറി വാർത്തകൾ പുറത്തുവന്നതോടെ വൻ വിവാദമായിരിക്കുന്നത്.
അമ്മയുടെ സഹായത്തോടെ രണ്ടാനച്ഛൻ 13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. രണ്ടാനച്ഛനും അമ്മയും അടക്കം എട്ടുപ്രതികളെ കോടതി 2021ൽ ശിക്ഷിച്ചിരുന്നു.