ചാലക്കുടി: കാരാഗൃഹത്തിന്റെ ഇരുട്ടില്‍നിന്നു വര്‍ണങ്ങളുടെ സ്വതന്ത്രലോകത്തേക്കു തിരിച്ചെത്തിയ ഷീല സണ്ണിയുടെ ജീവിതം ഇനി കൂടുതല്‍ ബ്യൂട്ടിഫുള്ളാകും.
വ്യാജ ലഹരി മരുന്നു കേസില്‍ അറസ്റ്റിലായി നിരപരാധിയായിരുന്നിട്ടും ജയിലില്‍ കഴിയേണ്ടി വന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറന്നു. നേരത്തേ പ്രവര്‍ത്തിച്ചിരുന്ന ഷീസ് സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ കൂടുതല്‍ സൗകര്യങ്ങളോടെയാണു വീണ്ടും തുറന്നത്.
മലപ്പുറം ആനപ്പടിക്കല്‍ ചാരിറ്റിബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള കല്പകഞ്ചേരി തണല്‍ എന്ന സംഘടനയുടെ സാമ്പത്തിക സഹായമാണ് ഷീല സണ്ണിക്കു തുണയായത്.
ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. ജോളി വടക്കൻ, സ്ഥാപനം വെഞ്ചരിച്ചു. തണലും മറ്റു സംഘടനകളും ചേർന്നാണു കട തുറക്കാനുള്ള വഴിയൊരുക്കിയത്.
കേസില്‍ പ്രതിയാക്കപ്പെട്ടതോടെ നേരത്തെ ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന അതേ കെട്ടിടത്തില്‍ തന്നെയാണ് ബ്യൂട്ടിപാര്‍ലര്‍ പുതിയ ലുക്കില്‍ വീണ്ടും തുറന്നിരിക്കുന്നത്.
കേസും കോടതിയും ജയില്‍വാസവുമൊക്കെയായി ബിസിനസ് അപ്പാടെ തകര്‍ന്നുപോയ സ്ഥിതിയായിരുന്നു. വീണ്ടും പാര്‍ലര്‍ തുറക്കാന്‍ ഒന്നില്‍നിന്നു തുടങ്ങേണ്ടി വന്നു ഈ വനിതാവ്യവസായ സംരംഭകയ്ക്ക്.
തന്റെ ജീവിതം വീണ്ടും ഭംഗിയാക്കാന്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണു ബ്യൂട്ടി പാര്‍ലറിന്റെ അകത്തളങ്ങളിലേക്കു ഷീല വീണ്ടും കടന്നുവന്നത്.
പുതിയ സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടി നവീകരിച്ച പുതിയ ബ്യൂട്ടി പാര്‍ലര്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്മാന് എബി ജോര്‍ജ്, മനുഷ്യവകാശ കമ്മീഷന് ചെയര്മാന് ഇ. ജോസഫ്. ബ്യൂട്ടി പാര്‍ലര്‍ അസോസിയേഷന് പ്രസിഡന്റ് ശോഭ കുഞ്ചന്‍, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ജോയ് മൂത്തേടന്, തണല്‍ പ്രസിഡന്റ് സെയ്ത് ഹസന് തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.