അനുമോൾ ജോയ്
കണ്ണൂർ: സംസ്ഥാനത്ത് കാണാതാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ട്. കഴിഞ്ഞ മൂന്നരവർഷത്തിനിടെ (2020 മുതൽ 2023 മേയ് വരെ) 792 കുട്ടികളെയും 606 സ്ത്രീകളെയും കാണാതായതാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്.
2020ൽ 200 കുട്ടികളെയും 151 സ്ത്രീകളെയും 2021ൽ 257 കുട്ടികളെയും 179 സ്ത്രീകളെയുമാണ് കാണാതായിരിക്കുന്നത്. 2022ൽ 210 സ്ത്രീകളെയും 269 കുട്ടികളെയും കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2023 മേയ് വരെ 66 സ്ത്രീകളെയും കുട്ടികളെയും കാണാതായെന്നാണ് റിപ്പോർട്ട്. രജിസ്റ്റര്‍ ചെയ്യുന്നതില്‍ 40 ശതമാനം കേസുകളില്‍ മാത്രമാണ് സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തുന്നത്. കാണാതാകുന്ന വീട്ടമ്മമാരുടെ എണ്ണത്തിലും വർധനയുണ്ട്.
പെൺകുട്ടികളുടെ “ഒളിച്ചോട്ടം’
സ്കൂളുകളിൽനിന്നു പെൺകുട്ടികൾ സംഘം ചേർന്ന് ഒളിച്ചോടുന്നത് വ്യാപകമാണെന്നും ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുണ്ട്.
പെൺകുട്ടികൾ തമ്മിലുള്ള “സൗഹൃദം’ ഒരുമിച്ച് ജീവിക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തുന്ന നിരവധി സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്വവര്‍ഗ സെക്സ് റാക്കറ്റും പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ട്.
മൂന്ന് പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അടുത്തിടെ കോട്ടയം ജില്ലയില്‍ നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനത്തിലേക്ക് എത്തിയത്.
കോട്ടയം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകള്‍ കേന്ദ്രീകരിച്ചും ഇവരുടെ പ്രവര്‍ത്തനമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിനാൽ, സ്കൂളുകൾ കേന്ദ്രീകരിച്ച് കൗൺസലിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം.