റെനീഷ് മാത്യു
കണ്ണൂർ: ഗതാഗത നിയമലംഘനം നടത്തിയവർക്ക് പിഴയായി ചുമത്തിയിട്ടുള്ള തുക അടച്ചാൽ മാത്രമേ വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കി നൽകുകയുള്ളൂവെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന നിയമക്കുരുക്കിലേക്ക്.
കഴിഞ്ഞ ജൂൺ അഞ്ചുമുതൽ ഓഗസ്റ്റ് രണ്ടുവരെ സംസ്ഥാനത്ത് 32,42,277 റോഡ് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഇതിൽ 3,82,580 നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയെന്നും 25 കോടി 81 ലക്ഷം രൂപയുടെ ചെല്ലാൻ തയാറാക്കിയെങ്കിലും 3.37 കോടി രൂപ മാത്രമാണ് പിഴയായി ലഭിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു.
പിഴ അടച്ചാൽ മാത്രമാണ് ഇനി മുതൽ ഇൻഷ്വറൻസ് പുതുക്കി നല്കുകയുള്ളൂവെന്നും ഇക്കാര്യം ഇൻഷ്വറൻസ് കന്പനികളുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞതിൽ നിയമകുരുക്കുകൾ ഏറെയാണ്.
കാമറ നിയമലംഘനം നടത്തിയെന്നു പറഞ്ഞ് ചലാൻ നൽകിയാൽ നിലവിൽ കുറ്റാരോപണം മാത്രമാണ് നടക്കുന്നത്. അത് ശിക്ഷയായി പരിഗണിക്കാൻ ഭരണഘടനാപരമായി സാധിക്കില്ല.
നോട്ടീസ് കൊടുക്കുക, വിശദീകരണം നൽകാൻ അവസരം നൽകുക, തെളിവ് സഹിതം ശിക്ഷാ ഉത്തരവ് എന്നിവ വേണം ഒരാൾ നിയമലംഘനം നടത്തിയെന്ന് തെളിയാൻ.
നിയമലംഘനം നടത്തിയെന്ന് കാമറ കണ്ടെത്തിയ കുറ്റാരോപിതന് കുറ്റം നിഷേധിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ കേസ് നടത്താം.
കാമറ പിടിച്ച എല്ലാവിധ കാര്യത്തിനും യാതൊരു നടപടിക്രമവും ഇല്ലാതെ പിഴ അടച്ചശേഷം മാത്രം ഇൻഷ്വറൻസ് പുതുക്കുന്നതിന് നിയമപരമായി സർക്കാരിന് സാധ്യമല്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.