തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദമായ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എൻഎസ്എസ് നടത്തിയ നാമജപ യാത്രക്കെതിരെ കേസെടുത്ത സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻഎസ്എസ്.
ഇത് സംബന്ധിച്ച് എൻഎസ്എസ് നേതൃത്വം നിയമോപദേശം തേടി. ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.
പോലീസ് നിർദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചെന്നും കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കിയെന്നും കാട്ടിയാണ് നാമജപ യാത്രയ്ക്കെതിരേ എഫ്ഐആർ എടുത്തിരിക്കുന്നത്.
നാമജപ യാത്രയ്ക്കെതിരെ കഴിഞ്ഞദിവസമാണ് പോലീസ് കേസെടുത്. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. കന്റോൺമെന്റ്, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.കഴിഞ്ഞ രണ്ടിന് തിരുവനന്തപുരം നഗരത്തിൽ നടത്തിയ നാമജപ യാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.
പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ നാമജപ യാത്ര ഏഴ് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.
അതേസമയം കൂടുതൽ പരസ്യ പ്രതിഷേധങ്ങൾക്കും എൻഎസ്എസ് ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം വീണ്ടും നാമജപ യാത്രകൾ സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ട്. സ്പീക്കരുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.