കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്തതിൽ അറുനൂറിലേറെ ബോട്ടുകൾ ‘അപ്രത്യക്ഷമായി’. ഫിഷറീസ് വകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
അറുനൂറിലേറെ ബോട്ടുകൾ എവിടെപോയിയെന്നതിനെക്കുറിച്ച് അധികൃതർക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു.
ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിലേക്ക് പോകുന്ന ബോട്ടുകളുടെ രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ നടപടികളുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിലാണ് അറുനൂറിലേറെ ബോട്ടുകളെക്കുറിച്ച് വിവരം ലഭിക്കാത്തത്.
കഴിഞ്ഞ മൂന്നു വർഷമായി കോഴിക്കോട്ട് രജിസ്റ്റർ ചെയ്തത് 1,380 ബോട്ടുകളാണ്. ഇതിൽ ഏഴുന്നൂറോളം ബോട്ടുകൾ മാത്രമാണ് ഫിഷറീസ് വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്താനായത്.
കടൽ കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുള്ളതിനാൽ ബോട്ടുകളുടെ തിരോധാനത്തിന് അതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.
ബോട്ടുകൾ കേരളം വിട്ടുപോവുകയോ സർവീസ് അവസാനിപ്പിക്കുകയോ കാലപ്പഴക്കം കാരണം പൊളിക്കുകയോ ചെയ്യുന്പോൾ അക്കാര്യം രേഖാമൂലം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.
ഇങ്ങനെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയാലും എണ്ണത്തിൽ കുറവു വരും.കണ്ടെത്താൻ കഴിയാത്ത ബോട്ടുകളുടെ ഉടമകൾക്ക് ഫിഷറീസ് വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. ഉടമകളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഫിഷറീസ് വകുപ്പ്.