പുനലൂർ: താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പിനെത്തുടർന്ന്11 കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ സംഘർഷാവസ്ഥ ഉണ്ടായി.
അസ്വസ്ഥത ഉണ്ടായ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി.ഇന്നലെ രാത്രി 10 നാണ് സംഭവം.
ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വിറയലും അസ്വസ്ഥതകളും അനുഭവപ്പെട്ട കുട്ടികൾ കരയുകയും മറ്റും ചെയ്തതോടെ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലുണ്ടായിരുന്നവരും ബഹളമുണ്ടാക്കി.
തുടർന്ന് ഡോക്ടറെത്തി വിദഗ്ധ പരിശോധന നടത്തിയ ശേഷം മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് അയച്ചു. ബാക്കി 8 പേരെ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
പുനലൂർ പോലീസ് സ്ഥലത്തെത്തി ഇഞ്ചക്ഷന് ഉപയോഗിച്ചിരുന്ന ലായനി സീൽ ചെയ്തു.മരുന്നിന്റെ അലർജിയാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കിയതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
മരുന്നിന്റെ അലർജിയാണ് കാരണമെന്ന് ഡിഎംഒയും സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ആശങ്കയ്ക്ക് ഇടയില്ലെന്നും നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഡോക്ടർമാർ അറിയിച്ചു.