കണ്ണൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ പണവും സ്വർണവും മോഷണം പോയതായി പരാതി.
കണ്ണൂർ കൊയിലി ആശുപത്രിയിൽ ഇന്നലെ രാവിലെ 6.15നും ഉച്ച കഴിഞ്ഞ് രണ്ടിനും ഇടയിലാണ് സംഭവം. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
യുവതിയെ പ്രസവത്തിനായി ലേബർ റൂമിലേക്ക് കൊണ്ടുപോയപ്പോൾ മുറിയിൽ അഴിച്ചുവച്ച ഒന്നരപവന്റെ സ്വർണമാലയും 11,000 രൂപയും മോഷണം പോയതായാണ് പരാതിയിൽ പറയുന്നത്.
പ്രസവ ശേഷം മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോൾ കൈക്ക് പ്ലാസ്റ്റർ ഇട്ട ഒരാൾ മുറിയിൽ കയറുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ആളല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.