കണ്ണൂർ: മണിപ്പുരിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് തുടർ പഠനത്തിനാവശ്യമായ എല്ലാ സഹായവും കണ്ണൂർ യൂണിവേഴ്സിറ്റി നൽകുമെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ.
പഠനം തുടരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തുടർ പഠനത്തിനാവശ്യമായ സാന്പത്തിക സഹായമടക്കമുള്ള കാര്യങ്ങൾ കണ്ണൂർ യൂണിവേഴ്സിറ്റി നൽകും.നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കുന്ന തദ്ദേശവാസികൾക്ക് അർഹമായ സീറ്റുകൾ ഉണ്ടാകും.
മണിപ്പുരിൽനിന്ന് വരുന്ന അപേക്ഷകർക്കായി അധിക സീറ്റുകൾ നൽകാനാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മണിപ്പുരിൽ വിദ്യാർഥികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. പലർക്കും അഡ്മിഷൻ എടുക്കാനോ അഡ്മിഷൻ എടുത്തവർക്ക് പഠിക്കാനോ കഴിയാത്ത അവസ്ഥയാണ്.
പഠിക്കാനാവശ്യമായ സഹായം നൽകണം എന്നാവശ്യപ്പെട്ട് കുക്കീസ് സ്റ്റ്യുഡൻസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ചാൻസലർമാർക്കും കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര സിൻഡിക്കേറ്റ് ചേർന്നു തീരുമാനം എടുത്തത്.
ഉപാധികളോടെയായിരിക്കും സീറ്റ് അപേക്ഷകർക്ക് നൽകുക. കലാപം രൂക്ഷമായ സാഹചര്യത്തിൽ ചിലപ്പോൾ അവരുടെ കൈയിൽ തുടർ പഠനത്തിന് വേണ്ട സർട്ടിഫിക്കറ്റുകൾ കാണില്ല.
അത് പഠനം പൂർത്തിയാക്കുന്നതിന് മുന്നെ സമർപ്പിച്ചാൽ മതിയാകും. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഏത് കാന്പസിലാണോ പഠനം നടത്തുന്നത് അവിടെ ഹോസ്റ്റൽ സൗകര്യം ഒരുക്കും. അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാവുന്നതാണ്.
പിജി അഡ്മിഷനും യുജി അഡ്മിഷനും നൽകുമെന്ന് വിസി പറഞ്ഞു. അവർക്ക് ആവശ്യമായ സാന്പത്തിക സഹായം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടും. കൂടാതെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കാനെത്തുന്നവർക്കായി ജനകീയമായി പണം ശേഖരിക്കുമെന്നും വിസി പറഞ്ഞു.