ചാത്തന്നൂർ: കഴിഞ്ഞ ദിവസം മൈലക്കാട്ട് നിന്നും പിടിയിലായ ലഹരി കച്ചവടക്കാർ പിടിയിലായത് ലഹരി ഉപയോഗിക്കുന്നവർ ആയതിനാൽ.
ഇടറോഡിൽ കാർ നിർത്തി ലഹരിയിൽ കാറിനുള്ളിൽ മയങ്ങി കിടന്നപ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലായത്. ചാത്തന്നൂർ പോലീസിന്റെ പിടിയിലായ നെടുമ്പന അമ്പാട്ടു വിള പുത്തൻ വീട്ടിൽ ശിവപ്രദീപ് (28) മയ്യനാട് വയലിൽ പുത്തൻ വീട് ബീമാ മൻസിലിൽ റഫീക്ക് (24) എന്നിവരിൽ നിന്നും 4 ഗ്രാം എം ഡി എം എയും മീഡിയം അളവ് കഞ്ചാവും 1.07 ലക്ഷം രൂപയും 4 പവൻ സ്വർണ്ണവും ചെക്ക് ലീഫുകളും പുതു വസ്ത്രങ്ങളുംപിടിച്ചെടുത്തിരുന്നു.
ഇവർ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വീട് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് ലഹരി വില്പന. മൈലക്കാട് മൂഴിയിൽ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു കൊണ്ടായിരുന്നു ലഹരിവസ്തുക്കളുടെ കച്ചവടം.
പകൽ ഈ വീട് നിശബ്ദമായിരിക്കും. രാത്രികാലങ്ങളിൽ കാറുകളിലും ആഡംബര വാഹനങ്ങളിലും മറ്റുള്ളവർ ഇവിടെ എത്തുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു ഈ വീട്.
ഇന്നലെ രാവിലെ ഒമ്പതരയോടെ എസ് യുവി ഇവിടെ എത്തുകയും ഇടുങ്ങിയ റോഡിൽ കൂടി മറ്റ് വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത വിധം നിർത്തിയിടുകയും കാറിലുണ്ടായിരുന്നവർ അതിൽതന്നെ ഇരിക്കുകയുമായിരുന്നു.
നാട്ടുകാർ ഉടൻ പോലീസിനെവിവരം അറിയിച്ചു. ചാത്തന്നൂർ ഇൻസ്പെക്ടർ വി.ശിവകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തുകയുംഇവരെ ചോദ്യം ചെയ്യുകയും കാർ പരിശോധിക്കുകയും ചെയ്തു.
കാറിൽ നിന്നാണ് ലഹരി വസ്തുക്കളും ലഹരി വസ്തുക്കൾ വിറ്റ് കിട്ടിയ 1.07 ലക്ഷം രൂപയും സ്വർണ്ണവും പുതു വസ്ത്രങ്ങളും പിടിച്ചെടുത്തത്. അറസ്റ്റിലായവർ മുമ്പും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.