കോട്ടയം: കുറിച്ചി മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഷട്ടര്‍ തകര്‍ത്ത് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഇടപാടുകാരിലേക്കും.
കുഴിമറ്റം പാറപ്പുറം എ.ആര്. പരമേശ്വരന് നായരുടെ ഉടമസ്ഥതയിലുള്ള കുറിച്ചി മന്ദിരം കവലയില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സുധാ ഫൈനാന്‍സിലാണ് തിങ്കളാഴ്ച മോഷണം നടന്നത്.
മോഷണത്തിനു പിന്നില്‍ പ്രഫഷണല്‍ സംഘമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. നാലു മുതല്‍ അഞ്ചു പേരടങ്ങുന്ന സംഘമാണ് മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും ജില്ലയ്ക്കു പുറത്തുനിന്നുള്ള സംഘം ഇവിടെയെത്തി മോഷണം വളരെ ആസൂത്രിതമായി നടത്തിയെന്നുമാണ് പോലീസ് സംശയിക്കുന്നത്.
വയോധികനായ പരമേശ്വരന്‍നായര്‍ നടത്തുന്ന സ്ഥാപനത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും കൃത്യമായ വിവരമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നും അല്ലെങ്കില്‍ മോഷണ സംഘത്തിന് ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് രാഷ് ട്രദീപികയോടു പറഞ്ഞു.
പരമേശ്വരന്‍നായരുടെ മകന് മോഷണം നടന്ന ദിവസം സ്ഥലത്തില്ലായിരുന്നു. മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലായിരുന്നു.
സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ സ്ഥാപനത്തോടു ചേര്‍ന്നുതന്നെയാണ് താമസിക്കുന്നത്. ഇവരും സ്ഥലത്തില്ലായിരുന്നു.
കൂടാതെ ശനിയാഴ്ച വൈകിട്ട് അടയ്ക്കുന്ന സ്ഥാപനം തിങ്കളാഴ്ച രാവിലെയെ തുറക്കുകയുള്ളുവെന്നും മോഷ്ടാക്കള്‍ മനസിലാക്കിയിരിക്കുന്നു ഇക്കാര്യങ്ങളാണ് പോലീസിനെ ഇങ്ങനെയൊരു സംശയത്തിലേക്ക് എത്തിച്ചത്.
കൂടാതെ മുദ്രപേപ്പറുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതും ഇങ്ങനെ ചിന്തിക്കാൻ പോലീസിനെ പ്രേരിപ്പിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ എംസി റോഡില്‍ ചങ്ങനാശേരിക്കും കോട്ടയത്തിനുമിടയില്‍ കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ഇടപാടുകാരുടെ പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.