കൊച്ചി: “ദുരന്തഭീതിയുടെ ഈ നേർക്കാഴ്ച നിങ്ങള്‍ കാണുന്നില്ലേ…’’ ടച്ചിംഗ് വെട്ടലിന്റെ പേരില്‍ കോതമംഗലം വാരപ്പെട്ടിയില്‍ കര്‍ഷകന്റെ നൂറുകണക്കിനു കുലച്ച വാഴകള്‍ നിര്‍ദാക്ഷിണ്യം വെട്ടിനിരത്തിയ കെഎസ്ഇബിയിലെ ജീവനക്കാരോടാണ് ചോദ്യം.
ഏതു നിമിഷവും വീഴാവുന്ന നിലയില്‍ വൈദ്യുത കമ്പിയിലേക്കു ചാഞ്ഞുനില്ക്കുന്ന തെങ്ങ് ചൂണ്ടിക്കാട്ടിയാണ് അങ്കമാലി കറുകുറ്റി പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ കരയാംപറമ്പ് പേള്‍പാര്‍ക്ക് റസിഡന്റ്സ് അസോസിയേഷന് നിവാസികളുടെ ചോദ്യം.
അപകടകരമായ രീതിയിൽ വൈദ്യുത ലൈനിലേക്കു ചാഞ്ഞുനില്ക്കുന്ന തെങ്ങ് മാസങ്ങളായുള്ള കാഴ്ചയാണ്. കാറ്റു വീശുമ്പോള്‍ തെങ്ങിന്റെ മണ്ട ആടിയുലയും.
സ്റ്റേ വയറും ലൈനും ഉള്‍പ്പെടെ കാടുകയറി മൂടി. ടച്ചിംഗ് വെട്ടാന്‍ വൈദ്യുതി ജീവനക്കാര്‍ വരുമ്പോഴെല്ലാം ഈ ഭാഗം ഒഴിവാക്കുകയാണ് പതിവ്.
വെട്ടിമാറ്റണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായതിനാല്‍ വെട്ടാന്‍ അനുമതിയില്ലെന്നാണ് മറുപടി. ഉടമയാകട്ടെ താമസം ബംഗളൂരുവിലും.
ഏറ്റവും ഒടുവില്‍ രണ്ടാഴ്ചമുമ്പ്, കെഎസ്ഇബി ജീവനക്കാര്‍ എത്തിയപ്പോഴും അപകടഭീഷണി ബോധ്യപ്പെട്ട് മടങ്ങിയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. തെങ്ങ് ലൈനിലേക്കു വീണാൽ മൂന്നു വൈദ്യുതി പോസ്റ്റ് എങ്കിലും മറിയും.
ടച്ചിംഗിന്റെ പേരു പറഞ്ഞു കുലച്ച വാഴകള്‍ കൂട്ടത്തോടെ വെട്ടിനിരത്തിയവര്ക്കു കേടുവന്ന ഈ തെങ്ങ് വെട്ടിമാറ്റാൻ തോന്നാത്തത് വിചിത്രമെന്നാണ് നാട്ടുകാർ പറയുന്നത്.