പാവയെ ഭാര്യയാക്കി, മൂന്ന് കുട്ടികളടങ്ങുന്ന സന്തുഷ്ട കുടുംബം; ചര്‍ച്ചയായി യുവാവിന്‍റെ കുടുബജീവിതം

പരസ്പരം സ്‌നേഹിക്കുന്നവര്‍ നിയമപരമായി തങ്ങളുടെ ബന്ധത്തെ കൂട്ടിച്ചേര്‍ത്ത് ഒന്നിച്ച് ജീവിക്കുന്നതാണ് വിവാഹം. പരമ്പരാഗതമായ രീതിയില്‍ ആചാരങ്ങളും ആഘോഷങ്ങളുമായാണ് വിവാഹം നടത്താറുള്ളത്. എന്നാല്‍ കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഈ രീതിയ്ക്കും മാറ്റം സംഭവിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ലളിതമായ രീതിയില്‍ തങ്ങളുടെ കൂടിച്ചേരല്‍ സ്വകാര്യമായി നടത്തുവാനാണ് അധികമാൾക്കാരും താൽപര്യപ്പെടുന്നത്. 

എന്നാല്‍ കൊളംബിയയില്‍ നിന്നും വളരെ വ്യത്യസ്തമായൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്രിസ്റ്റ്യന്‍ മോണ്ടിനെഗ്രോ എന്ന യുവാവ് തന്‍റെ ഭാര്യയായി തെരഞ്ഞെടുത്തത് തുണിക്കഷ്ണം കൊണ്ടുള്ള ഒരു പാവയെയാണ്. ഭാര്യയും മൂന്ന് പാവക്കുഞ്ഞുങ്ങളുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. തന്‍റെ ഭാര്യ നടാലിയയോടൊപ്പമുള്ള രസകരമായ വീഡിയോകളും ഇയാള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

മുന്‍കാമുകി താനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ക്രിസ്റ്റ്യന്‍ വളരെ നിരാശയിലായിരുന്നു. പിന്നീടാണ് നടാലിയയുമായി ഇയാള്‍ അടുപ്പത്തിലാകുന്നത്. എന്നാല്‍ തന്‍റെ നിലവിലെ ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇയാള്‍.

പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോകള്‍ ക്രിസ്റ്റ്യന്‍ പങ്ക് വെയ്ക്കാറുണ്ട്. അടുത്തിടെ ഒരു വീഡിയോയില്‍ നടാലിയയ്ക്ക് അസുഖമായതിനാല്‍ അവരെ സ്‌ട്രേക്ചറില്‍ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും കാണിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ തമാശയ്ക്കായി ചെയ്തതാണോ അതോ കാര്യമായുള്ളതാണോ എന്നതില്‍ വ്യക്തതയില്ല.

ക്രിസ്റ്റിയന്‍റെ പ്രണയവും കുടുംബജിവിതവും സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയായി തുടരുകയാണ്. ചിലര്‍ ഇയാളുടെ ജീവിതത്തെയും തീരുമാനങ്ങളെയും പൂര്‍ണമായും അംഗീകരിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനങ്ങളുമായി മുന്നോട്ട് വന്നു.

അതേസമയം ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളിലില്ലന്നും, ഒരു വസ്തുവിനോട് വൈകാരികമായും ലൈംഗികമായും അടുപ്പം തോന്നുന്ന ഒബ്ജക്ടോഫീലിയയാണെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി.

Related posts

Leave a Comment