അനില്‍ തോമസ്
കൊച്ചി: അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാള് വേദികളിലും വലിയ വലിയ പരിപാടികള്‍ക്കിടയിലെ ചെറിയ ചെറിയ മിമിക്രികള്‍ അവതരിപ്പിച്ച് ചിരിപ്പടക്കങ്ങളുമായി നടന്നിരുന്ന രണ്ട് ചെറുപ്പക്കാര്‍. എന്താകുമെന്നോ, എവിടെ എത്തുമെന്നോ ഒരു രൂപവും അവര്‍ക്കുണ്ടായിരുന്നില്ല.
സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലും നിര്‍മാണത്തിലുമൊക്കെ പിന്നീട് മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറിയ സിദ്ദിഖിന്റെയും കൂട്ടാളി ലാലിന്റെയും കലാജീവിതത്തിന്റെ തുടക്കം കൊച്ചിയിലെ കലാഭവനില്നിന്നായിരുന്നു.
കലാഭവനെന്ന പഠനക്കളരി
കലാഭവനില്‍ മിമിക്സ് പരേഡ് എന്ന മുഴുനീള ഹാസ്യപരിപാടിയാണ് ഇരുവരുടെയും തലേവര മാറ്റിയത്. മിമിക്രി പ്രധാന ഇനമാക്കി എന്തോ പരിപാടി ആലോചിക്കുന്നതായി കലാഭവനിലെ തബല അധ്യാപകനായിരുന്ന ലാലിന്റെ അച്ഛന് വഴി ഇവരും അറിഞ്ഞു.
ആബേലച്ചനെ നേരില്‍ കണ്ടാലോ എന്ന് ലാല്‍ അഭിപ്രായപ്പെട്ടപ്പോള്‍ സിദ്ദിഖ് ആദ്യമൊന്ന് അമ്പരന്നു. “”കലാഭവനൊക്കെ വലിയ സ്ഥാപനമല്ലേ, അതൊക്കെ നമുക്ക് പറ്റുമോ” എന്നതായിരുന്നു സിദ്ദിഖിന്റെ ആശങ്ക.
വിടാന്‍ ലാല്‍ കൂട്ടാക്കിയില്ല. അച്ഛന് വഴി ആബേലച്ചനെ കാണാനുള്ള സമയം തരപ്പെടുത്തി. സിദ്ദിഖിന് അപ്പോഴും ആശങ്ക മാറിയിരുന്നില്ല. “”കിട്ടിയ അവസരമല്ലേ, നഷ്ടപ്പെടുത്തേണ്ട. നീ പൊയ്ക്കോളൂ”എന്ന് ലാലിനെ ഉപദേശിച്ചു.
എന്നാല്‍, സിദ്ദിഖ് ഇല്ലാതെ പോകില്ലെന്ന വാശിയിലായി ലാല്‍. ഒടുവില്‍ ലാലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കലാഭവനിലേക്കു പോകാന്‍ സമ്മതിച്ചു. താന്‍ കാരണം ലാലിന്റെ അവസരം നഷ്ടമാകരുതെന്നായിരുന്നു സിദ്ദിഖ് അപ്പോള്‍ കരുതിയത്. അവിടുന്നിങ്ങോട്ട് ഇരുവരുടേയും തലേവര മാറുകയായിരുന്നു.
അങ്ങനെ 1980-81 കാലഘട്ടത്തില്‍ ഇരുവരും കലാഭവന്റെ ഭാഗമായി. ഇടവേളകളിലെ മിമിക്രി പ്രോഗ്രാമുകളില്‍നിന്നു മാറി മുഴുനീള കോമഡി പരിപാടി എന്ന ആശയം ആബേലച്ചന് മുന്നോട്ടുവച്ചു. മലയാള ഹാസ്യവേദികള് പിന്നീട് അടക്കിവാണ മിമിക്സ് പരേഡ് എന്ന ഹാസ്യപരിപാടി പിറവി കൊണ്ടതും അങ്ങനെയാണ്. മിമിക്സ് പരേഡ് എന്ന പേര് ലാലിന്റെ സംഭാവനയായിരുന്നു.
മറുനാട്ടിലും ചിരി പടർത്തി
അക്കാലത്ത് കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കെ.എസ്. പ്രസാദ്, കലാഭവന്‍ അന്‍സാര്‍, കലാഭവന്‍ റഹ്മാന്, വര്ക്കിച്ചന് പേട്ട എന്നിവരുമായി മിമിക്സ് പരേഡിനൊപ്പം സിദ്ദിഖും ലാലും ചേര്‍ന്നു.
അങ്ങനെ ആറംഗ സംഘത്തിന്റെ ആദ്യ പരിപാടി 1981 സെപ്റ്റംബര്‍ 21ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലെ വേദിയില്‍ അരങ്ങേറി. ജുബ്ബയും പാന്റ്സും ധരിച്ച് ആറംഗ സംഘം നര്‍മവും ഹാസ്യവും നിറഞ്ഞ കൗണ്ടറുകളുമായി നിറഞ്ഞാടിയപ്പോള്‍ ഹാളാകെ ചിരിയുടെ തിരയിളക്കമായിരുന്നു.
മിമിക്സ് പരേഡ് വന്‍ വിജയം. പരിപാടിയുടെ സ്ക്രിപ്റ്റ് തയാറാക്കിയ സിദ്ദിഖും ലാലും അതോടെ ഹീറോമാരായി. പിന്നീട് വേദികളില്‍നിന്നു വേദികളിലേക്ക് മിമിക്സ് പരേഡ് വളര്‍ന്നു.
കേരളവും രാജ്യവും കടന്ന് യൂറോപ്പിലും ഗള്‍ഫിലുമൊക്കെ ചിരിമഴ പെയ്യിച്ചു മിമിക്സ് പരേഡ് ലോകം ചുറ്റി. ഒപ്പം നെടുംതൂണായി സിദ്ദിഖും കൂട്ടാളി ലാലും ഉണ്ടായിരുന്നു.
പിരിയാത്ത സ്നേഹബന്ധത്തിന്റെ അടയാളമായിരുന്നു കലാഭവനിലെ ഇരുവരുടെയും പടിയിറക്കം. ചില തര്‍ക്കങ്ങളുടെ പേരില്‍ ലാല്‍ പടിയിറങ്ങിയപ്പോള്‍ സിദ്ധിഖും കൂടെയിറങ്ങി. അന്ന് ആബേലച്ചനു മുന്നില്‍ ചെന്ന് താന്‍ കലാഭവന്‍ വിടുകയാണെന്നു പറഞ്ഞ സിദ്ദിഖിനോട് “”നിന്നെയൊക്കെ പുറത്താക്കിയിരിക്കുന്നു’’എന്നായിരുന്നു അച്ചന്റെ മറുപടി. ഇതുസിദ്ദിഖ് പിന്നീട് പല വേദികളിലും പറഞ്ഞിട്ടുണ്ട്.
സിനിമയിലേക്ക്
മിമിക്രി എന്ന കലാരൂപത്തെ ഇത്രയേറെ ജനകീയമാക്കിയതിനു പിന്നില്‍ മിമിക്സ് പരേഡിനും സിദ്ദിഖിനും വലിയ പങ്കുണ്ട്. സിദ്ദിഖിന്റെയും ലാലിന്റെയും സിനിമാ പ്രവേശനവും മിമിക്സ് പരേഡിലൂടെയായിരുന്നു.
ഒരിക്കല്‍ ആലപ്പുഴയില്‍ കലാഭവന്റെ മിമിക്സ് പരേഡ് കാണാനെത്തിയ നടന് മമ്മൂട്ടി പരിപാടിക്കുശേഷം സംവിധായകന് ഫാസിലിനെ ഇരുവര്‍ക്കും പരിചയപ്പെടുത്തി. തങ്ങള്‍ കുറച്ച് തിരക്കഥകള്‍ എഴുതുകയാണെന്ന് ഇരുവരും ഫാസിലിനോട് പറഞ്ഞു. അവിടെ നിന്നായിരുന്നു “സിദ്ദിഖ് ലാൽ’ കൂട്ടുകെട്ടിന്റെ സിനിമയിലേക്കുള്ള പ്രവേശനം.