ജോമി കുര്യാക്കോസ്
പുതുപ്പള്ളി: അലസമായ തലമുടിയും പള്ളികളിലെ പ്രാര്‍ഥനയും പക്വതയോടെയുള്ള പ്രതികരണവുമൊക്കെയായി ഉമ്മന്‍ ചാണ്ടിയെന്ന അതികായകനെ അനുസ്മരിക്കുംവിധമായിരുന്നു ചാണ്ടി ഉമ്മന്‍ ഇന്നലെ.
ഔദ്യോഗിക പ്രഖ്യാപനം വരുംവരെ ഒന്നും പ്രതികരിക്കാതെ, നേരിട്ട് അറിയിപ്പു ലഭിച്ചതിനുശേഷം മാത്രം നിലപാടുകള്‍ തുറന്നുപറഞ്ഞും ചാണ്ടി ഉമ്മനെന്ന രാഷ്ട്രീയക്കാരന് ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാവാന്‍ ഇറങ്ങി.
നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ച് യുഡിഎഫ് ഒപ്പംനിന്നപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമായി.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനുശേഷം പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനാകുമെന്ന അഭ്യൂഹം പരന്നിരുന്നു. മണ്ഡലത്തിനു പുറത്ത് ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനങ്ങളിലായിരുന്നു ഇന്നലെ മുഴുവന്‍ ചാണ്ടി.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ വൈകിട്ട് ആറരയോടെ പുതുപ്പള്ളി പള്ളിയില്‍ എത്തി. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ആവര്‍ത്തിച്ച ചോദ്യങ്ങള്‍ക്ക് കൂപ്പുകൈകളോടെ മാത്രം നിന്നു.
പിന്നെ പ്രിയപ്പെട്ട അപ്പായുടെ കല്ലറയില്‍ കുമ്പിട്ട് പ്രാര്‍ഥിച്ചു. മെഴുകുതിരി തെളിച്ചു. പുണ്യാളനെ തൊഴുത് പുറത്തിറങ്ങുമ്പോഴേക്കും എഐസിസി ആസ്ഥാനത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍.
പള്ളിയില്‍നിന്നു നേരേ കുടുംബവീടായ കരോട്ടുവള്ളക്കാലിലേക്ക്. മൊബൈലിലൂടെ സ്ഥാനാര്‍ഥി പ്രഖ്യാപനം അറിഞ്ഞെങ്കിലും പ്രതികരിക്കുവാന്‍ തിടുക്കം കാട്ടിയില്ല.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ചാണ്ടിയുടെ പേര് മാധ്യമങ്ങളിലൂടെ പറയുന്ന വിവരം ഒപ്പമുണ്ടായിരുന്നവര്‍ സൂചിപ്പിച്ചെങ്കിലും ചാനലുകള്‍ക്കു മുന്നില്‍ പ്രതികരിച്ചില്ല.
ഔദ്യോഗികമായി അറിയിക്കട്ടേയെന്നു നിലപാട്. ഔദ്യോഗികമായി അധ്യക്ഷന്റെ അറിയിപ്പു വന്നതോടെ ചാണ്ടി പ്രതികരിച്ചു.തെരഞ്ഞെടുപ്പില്‍ അപ്പയുടെ ഓര്‍മകള്‍ നിറയുമെന്നു പറഞ്ഞപ്പോഴും സര്‍ക്കാരിന്റെ പരാജയവും മണ്ഡലത്തിലെ വികസനവും രാഷ്ട്രീയവുമൊക്കെ ചര്‍ച്ചയാകുമെന്ന പ്രതികരണം.
അപ്പയുടെ ഓര്‍മകള്‍ നിറഞ്ഞുനില്ക്കുന്ന പുതുപ്പള്ളി പള്ളിയിലേക്ക്. കല്‍ക്കുരിശിനു മുന്നിലെ പ്രാര്‍ഥനയ്ക്കുശേഷം കല്‍പ്പടവുകള്‍ കയറി പുണ്യാളന്റെ മുന്നിലെത്തി. പിതാവിന്റെ കബറിടത്തിനു മുന്നില്‍ പ്രാര്‍ഥനാനിരതയായ മാതാവ് മറിയാമ്മ ഉമ്മനെ കെട്ടിപ്പിടിച്ചു.
ഒരു നിമിഷം നിശബ്ദനായി.തുടര്‍ന്നു കുടുംബക്കല്ലറയിലേക്ക്. മുത്തച്ഛന് കെ.ഒ. ചാണ്ടിയുടെയും മുത്തശ്ശി ബേബി ചാണ്ടിയുടെയും കല്ലറിയിലെത്തി വണങ്ങി.
മാതാപിതാക്കളുടെ വിവാഹം ആശീര്‍വദിച്ച പാമ്പാടി പൊത്തന്‍പുറം ദയറായില്‍ പിതാവിന്റെ ശൈലി പിന്തുടര്ന്നു പ്രാര്‍ഥന നടത്തി.
തുടര്‍ന്ന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ മാതാവിന്റെ തിരുനടയില്‍. യാത്രയിലുടനീളം പാര്‍ട്ടിപ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും സ്നേഹാദരവും പിടിച്ചുപറ്റി ചാണ്ടി ഉമ്മൻ.