കോട്ടയം, തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥി നിർണയത്തിനുള്ള ഒരുക്കങ്ങൾ സിപിഎമ്മിൽ സജീവമായി.
വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും ഇതു നേരത്തെ ആക്കാനുള്ള നീക്കമുണ്ട്.
മണ്ഡലത്തിന്റെ ചുമതലയുള്ള ജില്ലയില്‍നിന്നുള്ള സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന് ഇന്നലെ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരേ മുമ്പ് മത്സരിച്ചിട്ടുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റുമായ റെജി സഖറിയ, കഴിഞ്ഞ രണ്ടു തവണ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിച്ച ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗവും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ ജയ്ക് സി. തോമസ്, സിപിഎം പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയും കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ കെ.എം. രാധാകൃഷ്ണന് എന്നീ മൂന്നു പേരുകളാണ് സംസ്ഥാന നേതൃത്വത്തിനു സിപിഎം ജില്ലാ കമ്മറ്റിയും പുതുപ്പള്ളി മണ്ഡലം കമ്മറ്റിയും നല്‍കിയിരിക്കുന്നത്.
ഇതില്‍ റെജി സഖറിയയുടെ പേരിനാണ് മുന്‍തൂക്കമെന്നാണു സൂചന. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ച വച്ച ജയ്ക് സി. തോമസിനെയും സീജവമായി പരിഗണിക്കുന്നു.
ഇരുവരും മത്സരത്തിനു താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി തീരുമാനം അന്തിമമായിരിക്കും. അവസാന നിമിഷം പൊതു സ്വതന്ത്രനെ പരിഗണിക്കുന്ന കാര്യവും സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്.
ചില സമുദായ നേതാക്കളുമായി ഇതുസംബന്ധിച്ച് സിപിഎമ്മിലെ ഉന്നതന് ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടിയുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗത്തെ രാഷ്ട്രീയമായി എങ്ങനെ നേരിടാമെന്നാണ് സിപിഎം നോക്കുന്നത്.
പുതുപ്പള്ളിയുടെ വികസനമുരടിപ്പും രാഷ്ട്രീയവും മാത്രം ചര്‍ച്ചയാക്കി പ്രചാരണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിപിഎം തീരുമാനം..