തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ സ്വകാര്യകന്പനിയിൽനിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ.
വീണ പണം വാങ്ങിയത് ക്രമവിരുദ്ധമായാണ്. ഇടപാട് ജനങ്ങളെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. നിയമസഭയിൽ അടക്കം ഈ വിഷയത്തിൽ പ്രതിഷേധിക്കും.
കേരളത്തിൽ നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവൽകരിക്കപ്പെട്ട അഴിമതിയുമാണെന്നും അദ്ദേഹം ആരോപിച്ചു.
കൊച്ചിയിലെ കരിമണൽ കന്പനിയിൽനിന്നു 1.72 കോടി രൂപ വീണ വിജയൻ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീണയുടെ കന്പനിക്ക് പണം വാങ്ങാം, എന്നാൽ വീണ വ്യക്തിപരമായി പണം വാങ്ങി. ഈ സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം വീണയ്ക്കെതിരേ കേസെടുക്കണം.
വീണയുടെ കന്പനിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. വെല്ലുവിളിയും ആക്രോശവുമാണ് മറുപടി നൽകാതെ മുഖ്യമന്ത്രി നിയമസഭയിൽ പ്രകടിപ്പിച്ചതെന്നും മാത്യു കുഴൽനാടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കൊച്ചിൻ മിനറൽസ് ആന്‍ഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കന്പനി 2017 മുതൽ 20 വരെയുള്ള കാലയളവിൽ 1.72 കോടി രൂപ നൽകിയെന്നതാണ് വിവാദം.
സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയിരുന്നു.