കൊച്ചി: ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സംവിധായകന് സിദ്ദിഖി(63)ന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍.
ഇന്നലെ രാത്രി 9.10 ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദേഹത്തിന്റെ അന്ത്യം.
ഏതാനും ദിവസങ്ങളായി ന്യൂമോണിയയും കരള്‍ സംബന്ധമായ രോഗങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രോഗാവസ്ഥ കുറഞ്ഞുവരുന്നതിനിടെയായിരുന്നു ഹൃദയാഘാതമുണ്ടായത്. പിന്നീട് എക്മോ സപ്പോര്‍ട്ടില്‍ കഴിയുകയായിരുന്നു.
ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ 8.30 ഓടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് പൊതുദര്‍ശനത്തിനായി എത്തിച്ചു.
സ്റ്റേഡിയത്തിനു മുന്നില്‍ രാവിലെ മുതല്‍ കൊച്ചിയിലെ പൗരാവലി തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ ഒരു നോക്ക് കാണാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.
സിദ്ദിഖിനൊപ്പം എന്നും ഉണ്ടായിരുന്ന സംവിധായകന് ലാലും കലാഭവന്‍ കെ.എസ് പ്രസാദും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാപ്രവര്‍ത്തകര്‍ രാവിലെത്തന്നെ അവിടേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.
നടന്മാരായ മമ്മൂട്ടി, ജയറാം, മുകേഷ്, ദിലീപ്, ജനാര്ദനന്, വിനീത്, ഹഫദ് ഫാസില്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, മണിയന്‍പിള്ള രാജു, ടിനിടോം, ഹരിശ്രീ അശോകന്, രമേഷ് പിഷാരടി, സംവിധായകരായ സിബി മലയില്‍, കമല്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, മേയര്‍ എം.അനില്‍കുമാര്‍, പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
12 വരെ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. അതിനുശേഷം അദ്ദേഹത്തിന്റെ കാക്കനാട് പള്ളിക്കരയിലുള്ള വീട്ടിലും പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദില്‍ ഓദ്യോഗിക ബഹുമതികളോടെ കബറടക്കി. കൊച്ചി കറപ്പനൂപ്പില്‍ ഇസ്മയില്‍ ഹാജി- സൈനബ ദമ്പതികളുടെ മകനാണ് സിദിഖ്. സാജിതയാണ് ഭാര്യ. മക്കള്‍: സുമയ്യ, സാറ, സുകൂന്. മരുമക്കള്‍: നബീല്‍, ഷെഫ്സിന്‍.